തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേർന്നു. തിരുവനന്തപുരം ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു.കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. രണ്ടു വര്‍ഷം മുമ്പാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല.
പൊലീസില്‍ ഒരുപാട് പരിഷ്കരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ധീര വനിതയാണ് ശ്രീലേഖയെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ സമത്വത്തിനു വേണ്ടി, സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു വേണ്ടി, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയെല്ലാം വിപ്ലവകരമായ പല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് ശ്രീലേഖ. ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീര വനിതയെ ബിജെപിയിലേക്ക് ക്ഷണിക്കാൻ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളില്‍ ആകൃഷ്ടയായിട്ടാണ് ശ്രീലേഖ, ബിജെപിയില്‍ ചേരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറെ കാലമായി ബിജെപി നേതാക്കള്‍ പാർട്ടിയില്‍ ചേരാൻ ആവശ്യപ്പെടുകയാണെന്ന് ആർ ശ്രീലേഖ പ്രതികരിച്ചു. കേന്ദ്ര -സംസ്ഥാന നേതാക്കള്‍ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്വം എടുക്കല്‍ മാത്രമാണെന്നും കൂടുതല്‍ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള വീട്ടിലാണ് അംഗത്വമെടുക്കുന്ന ചടങ്ങ്. അതേസമയം, എഡിജിപി-ആർഎസ്‌എസ് കൂടിക്കാഴ്ച്ച വലിയ വിവാദമായ സാഹചര്യത്തില്‍ ശ്രീലേഖയുടെ രാഷ്ട്രീയ പ്രവേശനം ചർച്ച ചെയ്യപ്പെടും.