അറബിക്കടലില്‍ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഒക്ടോബർ 17 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.ഇത് പ്രകാരം ഇന്ന് മുതല്‍ 4 ദിവസം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ മലപ്പുറം, കണ്ണൂർ ജില്ലകളിലും 16 ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17 ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ഇന്ന് പത്തനംതിട്ട, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.