സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന്റെ വില 640 രൂപ കൂടി 57,920 രൂപയായി.കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു. ഗ്രാമിന് ഇന്നത്തെ വില 7,240 രൂപയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ 1,720 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവർദ്ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 77,641 രൂപയെന്ന റെക്കോഡിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 2,696.59 ഡോളറാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഊഹാപോഹങ്ങളാണ് ആഗോള വിപണിയിലെ പെട്ടെന്നുള്ള വില വർദ്ധനവിന് കാരണം. ആഭ്യന്തര വിപണിയില്‍ ഡിമാൻഡ് കൂടിയതും വിലവർദ്ധനവിനെ ബാധിച്ചു.യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ്,യൂറോപ്യൻ സെൻട്രല്‍ ബാങ്ക് എന്നിവയുടെ സമീപകാല നയങ്ങളും പശ്ചിമേഷ്യയിലെ പിരിമുറുക്കവും സ്വർണ വില വർദ്ധനവിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. ഇടക്കാലയളവില്‍ വില ഇനിയും ഉയരാനാണ് സാദ്ധ്യത.