തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലുള്ള ഹൈക്കോടതി ഉത്തരവില്‍ പ്രതികരണമറിയിച്ച് മന്ത്രി സജി ചെറിയാൻ.മല്ലപ്പളളിയില്‍ നടത്തിയ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു കോടതിയുടെ ഉത്തരവ് എന്നാല്‍, ഈ ഉത്തരവില്‍ രാജി വയ്ക്കില്ലെന്നാണ് സജി ചെറിയാൻ പറഞ്ഞത്. കോടതിയുടെ ഉത്തരവ് അംഗീകരിക്കുന്നുവെന്നും, എന്നാല്‍ തൻ്റെ ഭാഗം കേള്‍ക്കാതെയാണ് ഈ ഉത്തരവെന്നും പറഞ്ഞ അദ്ദേഹം, അപ്പീല്‍ പോകുമെന്നും വ്യക്തമാക്കി.
താനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയില്‍ തൻ്റെ ഭാഗം കൂടി കേള്‍ക്കുന്നതായിരുന്നു നീതിയെന്ന് പറഞ്ഞ സജി ചെറിയാൻ, പോലീസ് അന്വേഷിച്ചാണ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയതെന്നും, അത് മാത്രമാണ് കോടതി പരിശോധിച്ചതെന്നും വിമർശിച്ചു.
കോടതി പ്രസംഗത്തിൻ്റെ മറ്റ് ഉള്ളടക്കത്തിലേക്ക് പോയിട്ടില്ലെന്നും, അന്ന് താൻ ആ വിഷയത്തില്‍ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജി വച്ചുവെന്നും പറഞ്ഞ അദ്ദേഹം, അതിൻ്റെ സമയം കഴിഞ്ഞുവെന്നും പ്രതികരിച്ചു.
ഒരു കോടതി ശരിയെന്നും, മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ഇനി രാജിയില്ലെന്നും, ഉത്തരവ് പഠിച്ച് പരിശോധിച്ച് നിയമനടപടിയുമായി മേല്‍ക്കോടതിയില്‍ പോകുമെന്നും അറിയിച്ചു.