ഗൗതം അദാനിക്കെതിരെ യുഎസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.നരേന്ദ്ര മോദി അഴിമതിയില്‍ ഗൗതം അദാനിയുമായി കൈകോര്‍ത്തിരിക്കുകയാണെന്നും അമേരിക്കയില്‍ കൈക്കൂലി കേസില്‍ കുറ്റാരോപിതനായ അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു . 2,000 കോടി രൂപയുടെ അഴിമതിയിലും മറ്റു പലതിലും അദാനി ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി മോദി സംരക്ഷിക്കുന്നതിനാല്‍ അദാനി സ്വതന്ത്രമായി വിരഹിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
‘ഇന്ത്യന്‍ നിയമങ്ങളും അമേരിക്കന്‍ നിയമങ്ങളും അദാനി ലംഘിച്ചുവെന്ന് ഇപ്പോള്‍ വളരെ വ്യക്തമായിരിക്കുകയാണ്. എന്തുകൊണ്ടാണ് അദാനി ഈ രാജ്യത്ത് ഒരു സ്വതന്ത്രനായി വിരഹിക്കുന്നതെന്ന് അത്ഭുതപ്പെടുകയാണ്. മുന്‍പ് അദാനി-മോദി കൂട്ടുകെട്ടിനെ പറ്റി പ്രതിപക്ഷം പറഞ്ഞതെല്ലാ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.വൈദ്യുതി വിതരണ കമ്പനികളുമായി സോളാര്‍ വൈദ്യുതി കരാര്‍ നേടിയതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി 2,029 കോടി രൂപ നല്‍കിയതില്‍ അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവനെതിരെയും യുഎസ് കോടതി കുറ്റം ചുമത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വിഷയം ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യവും രാഹുൽ ഗാന്ധി ആവര്‍ത്തിച്ചു.