കണ്ണൂര്‍: സിനിമയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. സലിം കുമാറിനെ ക്ഷണിക്കാത്ത വിവാദത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സലിം കുമാറിനെ ക്ഷണിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ കമല്‍ അദ്ദേഹത്തിന് എന്തുകൊണ്ടാണ് മനസ്സിലാകാതെ പോയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സലിം കുമാറിനോട് ഇതേക്കുറിച്ച് നേരിട്ടു സംസാരിച്ചതായും അപ്പോഴേക്കും വിവാദത്തില്‍ അദ്ദേഹം രാഷ്ടീയം കലര്‍ത്തിയെന്നും കമല്‍ പറഞ്ഞു.
വ്യക്തികള്‍ക്ക് രാഷ്ട്രീയമുണ്ടാകാം. എന്നാല്‍ ചലചിത്ര മേഖലയില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ല. ഇക്കാര്യം സലിം കുമാറിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും കമല്‍ പറഞ്ഞു.
കേരള സംസ്ഥാന ചലചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന 25ാമത് ഐ.എഫ്.എഫ്.കെയുടെ തലശ്ശേരി പതിപ്പിന് ചൊവ്വാഴ്ച തിരിതെളിയും. വൈകിട്ട് ആറിന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ മേള ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് കമല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ലിബര്‍ട്ടി തിയേറ്റര്‍ സമുച്ചയത്തില്‍ നാളെ മുതല്‍ 27 വരെയാണ് മേള. തലശ്ശേരി ആദ്യമായി വേദിയാകുന്ന ചലചിത്ര മാമാങ്കത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. ലിബര്‍ട്ടി ലിറ്റില്‍ പാരഡൈസില്‍ വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കഥാകൃത്ത് ടി. പത്മനാഭന്, അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ, തലശ്ശേരി നഗരസഭ ചെയര്പേഴ്സന് കെ.എം. ജമുന റാണി എന്നിവര്‍ സംബന്ധിക്കും.
ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ‘ക്വോ വാഡിസ് ഐഡി’യാണ് ഉദ്ഘാടന ചിത്രം. വിവിധ വിഭാഗങ്ങളിലായി 46 രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. 23ന് രാവിലെ പ്രദര്‍ശനം തുടങ്ങും.
എ.വി.കെ നായര്‍ റോഡിലെ ലിബര്‍ട്ടി സ്യൂട്ട്, ഗോള്‍ഡ് പാരഡൈസ്, ലിറ്റില്‍ പാരഡൈസ്, മിനി പാരഡൈസ് എന്നീ തിയേറ്ററുകളിലും മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവി ഹൗസിലുമാണ് പ്രദര്‍ശനം. മുഖ്യവേദിയായ ലിബര്‍ട്ടി കോംപ്ലക്സില്‍ എക്സിബിഷന്, ഓപണ്‍ ഫോറം എന്നിവ നടക്കും.