മെക് സെവൻ വിവാദത്തില്‍ സിപിഎമ്മിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബിജെപി പറഞ്ഞാല്‍ ഏറ്റെടുക്കാത്ത മുസ്ലീം വിരുദ്ധത നാട്ടിലാകെ പ്രചരിപ്പിക്കുന്നത് സിപിഎം ആണെന്ന് അടിവരയിടുന്നതാണ് മെക് സെവൻ വിവാദം.പാലക്കാട്ടെ പത്രപരസ്യം പോലെ സിപിഎമ്മിൻ്റെ മുസ്ലീം വിരുദ്ധത മെക് സെവനിലൂടെയും പുറത്തുവന്നു എന്നും സന്ദീപ് വാര്യർ പറഞ്ഞു.
അതേസമയം, മെക് സെവന് എതിരായ പരാമർശത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ കഴിഞ്ഞ ദിവസം മലക്കമറിഞ്ഞിരുന്നു. തളിപ്പറമ്പ് സിപിഎം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ വർഗീയശക്തികള്‍ ആണെന്ന ആരോപണം പി. മോഹനൻ ഉന്നയിച്ചത്. എന്നാല്‍ തളിപ്പറമ്പിലെ പ്രസംഗം മെക് സെവന് എതിരെ ആയിരുന്നില്ല എന്നും പൊതുയിടങ്ങളില്‍ വർഗീയശക്തികള്‍ നുഴഞ്ഞുകയറുന്നതിനെതിരായ ജാഗ്രതാ നിർദേശമായിരുന്നു അന്ന് നല്‍കിയതെന്നും പി. മോഹനൻ പറഞ്ഞു.മെക്ക് സെവനുമായി ബന്ധപ്പെട്ട ചർച്ചകള്‍ ഉയർന്നതിന് മുമ്പായിരുന്നു പി. മോഹനൻ ഈ വ്യായാമ കൂട്ടായ്മക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. ഈ വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ നിരോധിത സംഘടനയായ PFIയും, SDPIയും ആണെന്നായിരുന്നു അന്ന് പി. മോഹനന്റെ വിമർശനം.