പ്രിയങ്കയുടെയും രാഹുലിന്റേയും ജയം വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച്‌ ; പ്രസ്താവനയില്‍ വിജയരാഘവന് സിപിഎം പിന്തുണ

തിരുവനന്തപുരം: വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ സിപിഎം നേതാവ് എ.വിജയരാഘവന് പിന്തുണയുമായി സിപിഎം നേതാക്കള്‍.രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തില്‍ വര്‍ഗീയശക്തികളുടെ സഹായം ഉണ്ടെന്ന വിജയരാഘവന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ സംസാരിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പി.കെ ശ്രീമതിയുമാണ് വിജയരാഘവനെ പിന്തുണച്ച്‌ രംഗത്ത് വന്നത്.

പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വര്‍ഗീയ വാദികളുടെ പിന്‍ബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. മുസ്ലിം സമുദായത്തില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലിം വര്‍ഗീയ വാദത്തിന്റെ പ്രധാനികള്‍ ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോണ്‍ഗ്രസെന്നും ഗോവിന്ദന്‍ പറഞ്ഞു.

ലീഗ് വര്‍ഗീയ കക്ഷി അതാകാതിരിക്കാനാണ് പറയുന്നതെന്നും അതിന് അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും ലീഗിനകത്തും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിയുമായുള്ള ബന്ധത്തിന്റെ പ്രശ്‌നം ഉയര്‍ന്നുവരുന്നുണ്ടെന്നും പറഞ്ഞു. ആര്‍എസ്‌എസ് വിമര്‍ശനം ഹിന്ദുക്കള്‍ക്കും എതിരല്ല. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകള്‍ ശക്തിയായി വരുന്നു. അതില്‍ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പറഞ്ഞു. രാഹുലിനും പ്രിയങ്കയ്ക്കും വോട്ട് ലഭിച്ചത് എസ്ഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയില്‍ തന്നെയാണെന്നും വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്നുമായിരുന്നു ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചത്.

വര്‍ഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമര്‍ശത്തില്‍ വര്‍ഗീയ നിലപാടില്ല. വര്‍ഗീയതയെ സഹായിക്കുന്ന നിലപാടും ഇല്ല. ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാര്‍ട്ടി അജണ്ടയല്ലെന്നും പറഞ്ഞ ടിപി രാമകൃഷ്ണന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിജയത്തില്‍ വര്‍ഗീയശക്തികളുടെ സഹായം ഉണ്ടെന്ന് ആവര്‍ത്തിച്ചു.

വിജയരാഘവന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും വിജയരാഘവന്‍ പാര്‍ട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞതെന്ന് പികെ ശ്രീമതി പറഞ്ഞു. പ്രധാനപ്പെട്ട സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശന്‍ കോണ്‍ഗ്രസിനെ കുറിച്ച്‌ പറയുന്നത് ശ്രദ്ധിക്കണം. വര്‍ഗീയവാദികളുമായി കൂട്ടു കെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയവാദികള്‍ തല ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. ഹിന്ദു മുസ്ലിം വര്‍ഗീയവാദികള്‍ക്കെതിരായ നിലപാടാണ് സിപിഎം എടുക്കുന്നതെന്നും പികെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news