തിരുവനന്തപുരം: കേരളാ ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണർ പദവിയിലേക്ക് മാറും.രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് കേരളാ ഗവർണറായി എത്തുന്നത്.
സർവകലാശാല വിസി നിയമനം മുതല്‍ വ്യത്യസ്ത വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ മാറ്റം. ഗവർണർ സംഘപരിവിറിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നായിരുന്നു സർക്കാരിന്‍റെ ആരോപണം. പുതിയ ഗവർണർ രാജേന്ദ്ര ആര്‍ലേകറും ആർഎസ്‌എസ് പശ്ചാത്തലമുള്ള വ്യക്തിയാണ്. ഗോവ നിയമസഭ സ്പീക്കറായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ആര്‍ലേകര്‍ ബിഹാർ ഗവര്‍ണറായി ചുമതലയേറ്റത്. ഹിമാചല്‍ പ്രദേശിന്റെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയെ മണിപ്പൂർ ഗവർണറായും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയിട്ടുണ്ട്. മിസോറം ഗവർണർ ഡോ. ഹരി ബാബു ഒഡിഷയുടെ ഗവർണറാകുമെന്നും ജനറല്‍ വി.കെ സിംഗ് മിസോറം ഗവർണറാകുമെന്നും രാഷ്‌ട്രപതി ഭവൻ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയില്‍ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. അദ്ദേഹത്തിന്റെ പദവി മാറ്റം ഉടനുണ്ടാകുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് ഔദ്യോഗിക ഉത്തരവുണ്ടായത്. കേരള സർക്കാരും ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ഭിന്നതകള്‍ തുടരുന്നതിനിടെയാണ് പദവിമാറ്റം.2019 സെപ്റ്റംബർ ആറിനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. 5 വർഷവും 104 ദിവസവും കേരളാ ഗവർണറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ബിഹാറിലേക്കുള്ള ചുമതലമാറ്റം.