നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎല്‍എയ്ക്ക് ജാമ്യം.നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധി സ്വാഗതാര്‍ഹമെന്നും ഇന്ന് തന്നെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുമെന്നും അന്‍വറിന്റെ സഹോദരന് മുഹമ്മദ് റാഫി പ്രതികരിച്ചു. അറസ്റ്റിലായി 15 മണിക്കൂറിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. പൊലീസിന്റെ കസ്റ്റഡി ആവശ്യം കോടതി തള്ളിക്കളയുകയാണുണ്ടായത്. ഉപാധികളോടെയാണ് ജാമ്യം. 50000 രൂപ ഓരോ ആള്‍ക്കും ജാമ്യം കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയൊണ് ഉപാധികൾ.
അൻവറിന്റെ ഒതായിയിലെ വീട്ടിൽ ഇന്നലെ രാത്രി നിലമ്പൂർ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പി വി അൻവറിന്റേ അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അൻവർ ഉള്‍പ്പടെ 11 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൃത്യനിർവഹണം തടസ്സപ്പെടുത്തല്‍, പൊതു മുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.