ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍,ഒളിവില്‍ പോകാനുള്ള നീക്കം പൊളിച്ചടുക്കി പൊലീസ്, നടപടി ഹണിറോസിന്റെ പരാതിയില്‍

നടി ഹണിറോസിന്റെ പരാതിയില്‍ പ്രഖുമ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.നടി പരാതി നല്‍കിയതോടെ ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഒളിവില്‍ പോകാനും മുൻകൂർ ജാമ്യം നേടാനും ഒരുങ്ങുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വയനാട്ടിലെ റിസോർട്ടിലേക്ക് മാറിയെന്ന വ്യക്തമായ വിവരം ലഭിച്ചതോടെ കൊച്ചി പൊലീസ് വയനാട് പൊലീസിനെ ഇക്കാര്യം അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നുതന്നെ കൊച്ചിയിലെത്തിക്കും. എറണാകുളം സെൻട്രല്‍ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടിയുടെ പരാതി അന്വേഷിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കും വിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. പരാതി നല്‍കിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചതും. എന്നാല്‍ ദ്വയാർത്ഥ പ്രയോഗമോ ദുരുദ്ദേശ്യപരമായ സംസാരമോ ഉണ്ടായിട്ടില്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നുമാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച്‌ ബോബി ചെമ്മണൂർ പറഞ്ഞത്.

നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ലെെംഗികാധിക്ഷേപങ്ങള്‍ നടത്തിയവർക്കെതിരെ ഹണി റോസ് പരാതി നല്‍കിയിരുന്നു. 30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം പേജില്‍ അധിക്ഷേപങ്ങള്‍ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുകയാണ്.

spot_img

Related Articles

Latest news