തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്ന പിവി അൻവർ എംഎല്‍എ, നിലമ്പൂർ എംഎല്‍എ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന.ഇക്കാര്യം ഉള്‍പ്പെടെ സംസാരിക്കുന്നതിനായി പിവി അൻവർ തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്.
സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചാല്‍ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് കാരണം. ”വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കുവാൻ 13.01.2025 ന് (തിങ്കള്‍) രാവിലെ 9.30 മണിക്ക് തിരുവനന്തപുരത്തെ HOTEL THE TERRACE ല്‍ വെച്ച് ഒരു PRESS MEET സംഘടിപ്പിക്കുന്നു. എല്ലാ പത്ര – ദൃശ്യ മാധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു.”- അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് പിവി അൻവർ മമതാ ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോർത്തത്.പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് പിവി അൻവർ അറിയിച്ചത്. 10 വർഷം മുൻപ് കേരളത്തില്‍ നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാല്‍ അൻവറിനെ കോർഡിനേറ്ററായി നിയോഗിച്ച് ജാഗ്രതയോടെ നീക്കം നടത്താനാണ് തൃണമൂലിന്റെ തീരുമാനം.