പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി.പത്തനംതിട്ടയിലെ നാല് പൊലീസ് സ്റ്റേഷനുകളിലാണ് പ്രതികള്‍ ഉളളത്. ഇന്ന് വൈകിട്ടോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലർ വിദേശത്താണുള്ളത്. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
കൂട്ടബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേല്‍നോട്ടം വഹിക്കും. പെണ്‍കുട്ടിയുടെ നഗ്നദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാർട്ട് ഫോണ്‍ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈല്‍ ഫോണിലായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം നടന്നിരുന്നത്.
പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്ന ദൃശ്യങ്ങളും വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പത്തനംതിട്ടയിലെ ജനറല്‍ ആശുപത്രിയില്‍ വച്ച് പോലും പീഡനത്തിനിരയാക്കിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 13-ാം വയസിലാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. കുട്ടിക്ക് ഇപ്പോള്‍ 18 വയസുണ്ട്. ദിവസങ്ങള്‍ക്ക് മുൻപ് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി)മുൻപില് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിംഗിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു.പ്രതികള്‍ക്കെതിരെ പോക്സോ കൂടാതെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്.