ന്യൂഡല്‍ഹി: സ്വകാര്യത നയം നടപ്പാക്കുന്നത് നീട്ടിവച്ചതിനു പിന്നാലെ വിശദീകരണവുമായി വാട്സ്ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയാണ് വാട്സ്ആപ്പ് രംഗത്തെത്തിയത്. സ്റ്റാറ്റസിലൂടെയായിരുന്നു വാട്സ്ആപ്പ് നയം വ്യക്തമാക്കിയത്. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്ന് ഞായറാഴ്ച രാവിലെ മുതല്‍ സ്റ്റാറ്റസില്‍ പ്രത്യക്ഷപ്പെട്ട സന്ദേശത്തില്‍ വാട്സ്ആപ്പ് പറയുന്നു.
നാല് സ്ലൈഡ് സ്റ്റാറ്റസുകളാണ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആദ്യ സ്ലൈഡില്‍ പറയുന്നു. മെസേജുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നതിനാല്‍ ആരുടെയും സ്വകാര്യ സംഭാഷണങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ കഴിയില്ലെന്നാണ് രണ്ടാമത്തെ സ്ലൈഡ്.
നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ കാണാന്‍ കഴിയില്ല. ഫേസ്ബുക്കുമായി നിങ്ങളുടെ കോണ്ടാക്റ്റുകള് പങ്കിടുന്നില്ലെന്നും മറ്റ് രണ്ട് സ്ലൈഡുകളില്‍ വാട്സ്ആപ്പ് പറയുന്നു. ആഗോള തിരിച്ചടിക്ക് കാരണമായതോടെയാണ് പുതിയ നിലപാടും വിശദീകരണവുമായി വാട്സ്ആപ്പ് രംഗത്തെത്തിയത്.
നേരത്തെ, വാട്സ്ആപ്പ് പുതിയ ഡേറ്റാ സ്വകാര്യതാ നയം മൂന്ന് മാസത്തേക്ക് മാറ്റിവച്ചിരുന്നു. അപ്ഡേറ്റ് ചെയ്ത സേവന നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കിലും ഫെബ്രുവരി എട്ട് മുതല്‍ ആര്‍ക്കും അക്കൗണ്ട് നഷ്ടപ്പെടില്ലെന്നും വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചു.