തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആൻ ഗ്രേസ് (16) ആണു മരിച്ചത്.പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളായ ആൻ, തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി. അപകടത്തില്‍പ്പെട്ട മറ്റൊരു പെണ്‍കുട്ടി അലീന ഇന്നു പുലർച്ചെ മരിച്ചിരുന്നു.
പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. അപകടത്തില്‍പ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ. ഡാമിലെ ജലസംഭരണി കാണാൻ 5 പേർ ചേർന്നാണു പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാല്‍വഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീണു. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും തിങ്കളാഴ്ച പുലർച്ചെ 12.30ന് അലീന മരിച്ചു. അപകടത്തില്‍പ്പെട്ട, പട്ടിക്കാട് പുളയിൻമാക്കല്‍ ജോണി-സാലി ദമ്പതികളുടെ മകള്‍ നിമ (12), മുരിങ്ങത്തു പറമ്പില്‍ ബിനോജ്-ജൂലി ദമ്പതികളുടെ മകള്‍ എറിൻ (16) എന്നിവർ ചികിത്സയില്‍ തുടരുകയാണ്.