അബ്ദുല്‍ റഹീമിനായുള്ള കാത്തിരിപ്പ് നീളുന്നു; കേസില്‍ വിചാരണ വീണ്ടും മാറ്റിവെച്ചു

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും വൈകും. കേസ് പരിഗണിച്ച റിയാദ് കോടതി വിധി പറയാതെ വീണ്ടും മാറ്റി.ഇത് ആറാം തവണയാണ് റിയാദ് കോടതി കേസ് മാറ്റി വെയ്ക്കുന്നത്. ഇതോടെ മോചനം വൈകും. കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന റഹീമിനെ കാത്തിരിക്കുകയാണ് മാതാവ്.

കഴിഞ്ഞ ഡിസംബര്‍ 20 നായിരുന്നു കേസ് അവസാനമായി പരിഗണിച്ചത്. റിയാദിലെ ഇസ്‌കായിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 ലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ റഹീം അറസ്റ്റിലായതും ജയിലിലായതും. റിയാദിലെ കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഒന്നരക്കോടി സൗദി റിയാലാണ് മോചനദ്രവ്യം. ഇത് ഏകദേശം 34 കോടി രൂപയോളം വരും.

ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തുവരവേയാണ് കുട്ടി മരണപ്പെട്ടത്. ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു.

2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുക യായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നാലെ റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസ് കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദിയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.

തുടർന്ന് ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. ദിയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാൻ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. എന്നാല്‍ കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂർത്തിയാക്കാനുള്ളതിനാല്‍ അബ്ദുല്‍ റഹീമിന്റെ മോചനം വീണ്ടും നീണ്ടുപോകുകയായിരുന്നു.

spot_img

Related Articles

Latest news