തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ച് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായർ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിൽ എത്തിയിരുന്നു. ഇവരെ ജഡ്ജി കോടതി മുറിക്കുള്ളിലേക്ക് വിളിപ്പിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധ ശ്രമം തെളിഞ്ഞെന്നും കോടതി പറഞ്ഞു. അവശനിലയിൽ
ആശുപത്രിയിൽ കിടക്കുമ്പോഴും ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയത്.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്‌ജ് എ.എം ബഷീർ ആണ് കോളിളക്കമുണ്ടാക്കിയ കേസിൽ വിധി പറഞ്ഞത്. ഷാരോണിനെ ഒഴിവാക്കാൻ കാമുകിയായ ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. ചെകുത്താൻ മനസാണ് ഗ്രീഷ്‌മയ്ക്കെന്ന് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു എന്നാണ് കേസ്. 2022 ലായിരുന്നു സംഭവം. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്‌മ ചെയ്‌തതായി കോടതി കണ്ടെത്തി. കൂടാതെ അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്‌മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, തന്റെ പഠന മികവ് കോടതിയ്ക്ക് മുമ്പിൽ നിർത്തി ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് ഗ്രീഷ്‌മ ആവശ്യപെട്ടിരുന്നു.