സംസ്ഥാനത്ത് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കി സമരത്തിൽ. പ്രതിപക്ഷ സര്‍വീസ് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
സിപിഐയുടെ സര്‍വീസ് സംഘടനകളും ഇതോടൊപ്പം പണിമുടക്ക് പ്രഖ്യാപിച്ചു. അതേസമയം പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും.
യു.ഡി.എഫ് അനുകൂല സര്‍വീസ് സംഘടനയായ സെറ്റോയും സി.പി.ഐ സര്‍വീസ് സംഘടന ജോയിന്റ് കൗണ്‍സിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക,ഡി.എ കുടിശിക അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് ധനവകുപ്പ് മന്ത്രി പറഞ്ഞിട്ടും ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ജോയിന്റ് കൗണ്‍സിലും പറയുന്നു.