പ്ലസ് വണ്‍ വിദ്യാത്ഥി അധ്യാപകനെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആനക്കര സ്കൂള്‍ പ്രിൻസിപ്പല്‍ അനില്‍കുമാർ.മന്ത്രിയുടെ നിർദ്ദേശപ്രകാരം ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടറും ബാലാവകാശ കമ്മീഷനും വിശദീകരണം തേടിയപ്പോഴാണ് പ്രിൻസിപ്പല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചത്. കുട്ടിക്ക് കൗണ്‍സിലിങ് അടക്കം നല്കാൻ പിടിഎ യോഗം ചേർന്ന് തീരുമാനിച്ചതായും പ്രിൻസിപ്പല്‍ പറഞ്ഞു.
ദൃശ്യങ്ങള്‍ പകർത്തിയത് കുട്ടിയുടെ വിദേശത്ത് ജോലി ചെയ്യുന്ന പിതാവിന് അയച്ചുകൊടുക്കാനാണെന്ന് പ്രിൻസിപ്പല്‍ പറഞ്ഞു. ഇദ്ദേഹമടക്കം രണ്ട് പേർക്ക് മാത്രമാണ് വീഡിയോ അയച്ചുകൊടുത്തത്. സ്കൂളിൻ്റെ ഭാഗത്ത് നിന്ന് വീഡിയോ ചോർന്നിട്ടില്ല. കുട്ടിയുടെ അച്ഛൻ കുട്ടിയുടെ അമ്മയ്ക്ക് വീഡിയോ അയച്ചുകൊടുത്തതായാണ് മനസിലാക്കുന്നത്. അതില്‍ താൻ കൂടുതല്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
വിദ്യാർത്ഥി നേരത്തെയും പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്നും കുട്ടിയുടെ പെരുമാറ്റത്തില്‍ പ്രശ്നങ്ങളുണ്ടെന്നും പ്രിൻസിപ്പല്‍ ആരോപിക്കുന്നു. മുൻപ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയപ്പോഴെല്ലാം കുട്ടിയെ ചേർത്ത് നിർത്തുന്ന നിലപാടാണ് തങ്ങള്‍ സ്വീകരിച്ചത്. സംഭവത്തില്‍ വിദ്യാർത്ഥി മാപ്പ് പറഞ്ഞതായും തൃത്താല പൊലീസ് സ്റ്റേഷനിലെത്തി ഇത് ഒത്തുതീർത്തതായും പ്രിൻസിപ്പല്‍ വ്യക്തമാക്കി. ഹയർ സെക്കണ്ടറി ജോയിൻ്റ് ഡയറക്ടർക്ക് ഇന്ന് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ട് വരരുതെന്ന് വിദ്യാർത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടിച്ചതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതില്‍ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയതെന്നാണ് ഇന്നലെ വന്ന വാർത്ത. പുറത്തുവന്ന ദൃശ്യത്തില്‍ ‘കുറേ നാളായി നിങ്ങള്‍ എന്നെ മെൻ്റല്‍ ഹരാസ് ചെയ്യുന്നു’ എന്ന് വിദ്യാർത്ഥി പറയുന്നുണ്ട്.