റിയാദ്: അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ വംശജരെ ക്രിമിനലുകൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും നൽകാതെ കന്നുകാലികളെ കൊണ്ടുവരുന്ന രീതിയിൽ കൈകാലുകൾ ബന്ധിച്ച് നാടുകടത്തിയ സംഭവത്തിൽ റിയാദ് ഒഐസിസി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ബത്ഹ സബർമതി ഓഫീസിൽ നടന്ന പരിപാടിക്ക് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. എൻ ആർ കെ മുൻ ചെയർമാനും ഒഐസിസി ഭാരവാഹിയുമായിരുന്ന അയ്യൂബ് ഖാൻ പരിപാടി ഉൽഘാടനം ചെയ്തു.
അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഒരു അന്താരാഷ്ട്ര കുറ്റവാളിയെ പോലെ ഇന്ത്യൻ പൗരൻമാരെ കൈകാലുകൾ ബന്ധിച്ച് കൊണ്ട് അമേരിക്കയുടെ പ്രതിരോധ വിമാനത്തിൽ കയറ്റി കൊണ്ട് ഇന്ത്യൻ മണ്ണിൽ ഇറക്കിയ സംഭവം ചരിത്രത്തിൽ തന്ന ആദ്യമായിട്ടാണന്നും, ഇത് രാജ്യത്തിന്റെ അഭിമാനത്തെ തന്ന മോഡി സർക്കാർ അടിയറവ് പറഞ്ഞിരിക്കുകയാണന്നും, മറ്റു രാജ്യങ്ങളുടെ മുന്നിൽ മോഡി ഗവൺമെന്റ് പരിഹാസ്യരാകാൻ അവസരം നൽകിയതായും റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച പ്രതിരോധ സദസ്സ് ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം കുറ്റപ്പെടുത്തി.
സൗദിയിൽ നിതാഖാത്ത് പ്രഖ്യാപിച്ച് അതിന്റെ സമയപരിധി കഴിഞ്ഞതിന് ശേഷവും അനധികൃതമായി താമസിക്കുന്നവരെ അധികാരികൾ കണ്ടെത്തി അവരെയെല്ലാം മാന്യമായ രീതിയിൽ ഇടപ്പെട്ടുകൊണ്ട് യാത്രാ വിമാനങ്ങളിൽ കയറ്റി അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത് എന്നത് നാം ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്. അതോടൊപ്പം എന്തുകൊണ്ടാണ് ഇത്തരത്തിൽ അനധികൃത കുടിയേറ്റക്കാരുടെ പ്രയാണം ദിനംപ്രതി ഉണ്ടാകുന്നത് എന്നതും നാം പരിശോധിക്കേണ്ടതുണ്ട്. മോഡി സർക്കാറിന്റെ ഭരണത്തിന് ശേഷം പുതിയ തൊഴിൽ മേഖലകൾ സൃഷ്ട്ടിക്കുന്നില്ല എന്ന് മാത്രമല്ല ഉണ്ടായിരുന്ന പൊതുമേഖല സ്ഥാപനങ്ങളടക്കം കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത് എന്നത് കൊണ്ട് തന്ന, ലക്ഷക്കണക്കിന് യുവതി യുവാക്കളാണ് ദിനംപ്രതി രാജ്യത്ത് തൊഴിൽ രഹിതരായി കഴിയുന്നത് എന്നത് നാം കാണാതെ പോകരുത്. അതുകൊണ്ട് തന്ന എന്ത് മാർഗ്ഗം തേടിയാണങ്കിലും അവർ മറ്റുജീവിതമാർഗ്ഗത്തിനായി പല വഴികളും തിരഞ്ഞെടുക്കുന്നു എന്നതും ഇവിടെ പറയാതെ വയ്യ എന്നും അദ്ദേഹം സൂചിപിച്ചു.
ഈ ഭ്രാന്തൻ നീക്കത്തെ ന്യായീകരിച്ച് കേന്ദ്രസർക്കാരിന്റെ പ്രതിനിധി രംഗത്ത് വന്നത് മുഴുവൻ ഇന്ത്യക്കാർക്കും അപമാനകരമാണ്. കാൽ നൂറ്റാണ്ട് മുൻപുള്ള ലോകരാഷ്ട്രീയ സാഹചര്യത്തിൽ ഒരു ജനാധിത്യ രാഷ്ട്രത്തിലും ഇന്ന് അമേരിക്ക സ്വീകരിക്കുന്നതു പോലുള്ള ഭരണകൂട നടപടി സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം നീങ്ങുന്നത്. ഇന്ത്യ ഭരിക്കാൻ ആണ്, അല്ലാതെ അമേരിക്കൻ ഭരണകൂടത്തിന് ദാസ്യവേല ചെയ്യാനല്ല, ഇന്ത്യയിലെ ജനങ്ങൾ തങ്ങളെ തെരഞ്ഞെടുത്ത് അധികാരം ഏൽപ്പിച്ചതെന്ന് ഇന്ത്യ ഭരിക്കുന്നവർ ഓർമിക്കേണ്ടിയിരിക്കുന്നുഎന്നും തുടർന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഭാരവാഹികളായ സജീർ പൂന്തുറ, അമീർ പട്ടണത്ത്, മാള മുഹിയിദ്ധീൻ, ജോൺസൺ, നാദിർഷ റഹിമാൻ, വിൻസന്റ് തിരുവനന്തപുരം, ബഷീർ കോട്ടയം, ഹരീന്ദ്രൻ കണ്ണൂർ, ഉമർ ഷരീഫ്, സിജോ വയനാട്, അൻസാർ വടശ്ശേരിക്കോണം, ജംഷീർ തുവ്വൂർ, സൈനുദ്ധീൻ പാലക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിമാരായ സുരേഷ് ശങ്കർ സ്വാഗതവും, സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു.
അശ്റഫ് മേച്ചേരി, നാസർ മാവൂർ,മുസ്തഫ പാലക്കാട്, സഫീർ ബുർഹാൻ, അൻസാർ വർക്കല,സാദിഖ് വടപുറം, അൻസാർ പാലക്കാട്, ഭദ്രൻ തിരുവനന്തപുരം, റിയാസ് തെന്നൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.