കെഎസ്‌ആര്‍ടിസിയിൽ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്

കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എംഡി ബിജു പ്രഭാകറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശമ്പള പരിഷ്‌കരണം, കെ സ്വിഫ്റ്റ് തുടങ്ങിയ വിഷയങ്ങളില്‍ കബളിപ്പിക്കല്‍ ഒത്തുതീര്‍പ്പിനു തയ്യാറല്ലെന്നാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും നിലപാട്.

ഗതാഗത വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ വിവിധ വിഷയങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് ചര്‍ച്ചയില്‍ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ വാദം.
കെ സ്വിഫ്റ്റില്‍ തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ ചര്‍ച്ച നടത്താമെന്ന എംഡി യുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടനകള്‍ പറഞ്ഞു.

ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്താനാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും തീരുമാനം. അതേസമയം, കെ സ്വിഫ്റ്റ് കെഎസ്‌ആര്‍ടിസിയിലെ ബാധിക്കില്ലെന്ന് ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചുവെന്നും,
തെരെഞ്ഞെടുപ്പ് ഘട്ടത്തില്‍ രാഷ്ട്രീയ പ്രേരിതമായാണ് പണിമുടക്ക് നടത്തുന്നതെന്നും ഇടത് സംഘടനയായ കെഎസ്‌ആര്‍ടിഇഎ വ്യക്തമാക്കി

കെ സ്വിഫ്റ്റിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

മീഡിയ വിങ്സ്

spot_img

Related Articles

Latest news