പാലാ ബിഷപ്പ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും; അവകാശവാദവുമായി വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍; പൂജകളും പ്രാര്‍ത്ഥനകളും നടത്തി

കോട്ടയം: പാലാ ബിഷപ് ഹൗസിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും കണ്ടെത്തിയെന്ന് ക്ഷേത്രക്കമ്മിറ്റി.കഴിഞ്ഞ ദിവസം കൃഷിയിറക്കാൻ നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും കണ്ടെത്തുകയായിരുന്നു. ഇത് ശിവലിംഗവും ക്ഷേത്രാവശിഷ്ടങ്ങളുമാണെന്ന അവകാശ വാദവുമായി ക്ഷേത്രകമ്മിറ്റിയെത്തി. സംഭവസ്ഥലം വിശ്വഹിന്ദു പരിഷത്ത് നേതാക്കളടക്കമുള്ളവർ സന്ദർശിച്ചു. ഇവിടെ പ്രത്യേക പൂജയും പ്രാർഥനകളും നടത്തി.

കഴിഞ്ഞ ദിവസമാണ് പാലാ അരമനയുടെ ഉടമസ്ഥതിയിലുള്ള ഭൂമിയില്‍ മരച്ചീനി കൃഷി നടത്താൻ നിലമൊരുക്കുന്നതിനിടെ രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രത്യക്ഷപ്പെട്ടത്. ഇത് ശിവലിംഗമാണെന്ന് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭാരവാഹികള്‍ അവകാശവാദമുന്നയിച്ചു.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ക്ഷേത്രമുണ്ടായിരുന്നതായാണ് ക്ഷേത്രഭാരവാഹികള്‍ പറയുന്നത്. തുടർന്നാണ് ക്ഷേത്രഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രത്യേക പൂജയും പ്രാര്‍ത്ഥനകളും നടത്തിയത്.

വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തണ്ടളത്ത് തേവര്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രവും ആരാധനയും നടന്നിരുന്നതായാണ് ഇവർ പറയുന്നത്. കൂത്താപ്പാടി ഇല്ലം വകയായിരുന്ന ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെടുകയായിരുന്നുവത്രെ. സമീപത്തുള്ള എല്ലാവര്‍ക്കും നേരത്തെ ഇവിടെയൊരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമെന്നും നാമാവശേഷമായ രീതിയിലായിരുന്നു ക്ഷേത്രമുണ്ടായിരുന്നത് എന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു.ഇല്ലം ക്ഷയിച്ചതിന് പിന്നാലെ ഈ ഭൂമി ചില കുടുംബങ്ങള്‍ പാട്ടത്തിനെടുത്തെന്നും പാട്ടത്തിനെടുത്തവര്‍ പിന്നീട് കൈയേറ്റം നടത്തുകയും ചെയ്തു എന്നും ഇവർ ആരോപിക്കുന്നു. ഈ രീതിയില്‍ കൈയേറിയവരാണ് പാല ബിഷപ് ഹൗസിന് ഈ ഭൂമി വില്‍പന നടത്തിയത് എന്നുമാണ് ഇവരുടെ ആരോപണം. ആറ് മാസം മുമ്പ് വെള്ളാപ്പാട് ക്ഷേത്രത്തില്‍ നടന്ന താംബൂല പ്രശ്‌നത്തില്‍ ജ്യോതിഷി ചോറോട് ശ്രീനാഥ് പണിക്കര്‍ ഇതുപോലൊരു സംഭവമുണ്ടാകുമെന്ന് പറഞ്ഞിരുന്നതായും ക്ഷേത്രഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഭൂമിയുടെ ഉടമസ്ഥാവകശം സംബന്ധിച്ച്‌ നിലവില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്ന് പൊലീസും റവന്യൂ അധികൃതരും പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം വിഗ്രഹം മാറ്റിസ്ഥാപിക്കുന്നതിന് സഹായം ചെയ്യുമെന്ന് പാല അരമന വ്യക്തമാക്കി. നേരത്തെ പലതവണ കൈമറിഞ്ഞ ഈ ഭൂമി വെട്ടത്ത് കുടുംബം എന്ന കുടുംബത്തില്‍ നിന്നാണ് പാല അരമന വാങ്ങിയത്.

spot_img

Related Articles

Latest news