റിയാദ് :സൗദി സ്ഥാപക ദിനം മെക് 7 സൗദി സെൻട്രൽ കമ്മിറ്റി റിയാദിലെ മലസ് കിങ് അബ്ദുള്ള പാർക്കിൽ വിപുലമായ പരിപാടികളോടെആഘോഷിച്ചു. മെക് 7 വ്യായാമങ്ങൾ ചെയ്തതിന് ശേഷം സൗദി പതാകയുമായി മലാസ് തെരുവിലൂടെ വർണാഭമായ ബലൂൺ പറത്തിയും സൗദി ദേശീയ ഗാനം ആലപിച്ചും റാലി നടത്തിയത് വളരെ ആകർഷകമായി. കാഴ്ചക്കാരായ വിവിധ രാജ്യക്കാർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ സൗദി സ്ഥാപക ദിനത്തിന്റെ ചരിത്രം മുഖ്യ പരിശീലകനായ ഷുക്കൂർ പൂക്കയിൽ വിവരിച്ചു.
മെക് 7 റിയാദ് ചീഫ് കോർഡിനേറ്ററും ലാഫ്റ്റര്‍ തെറാപ്പിസ്റ്റുമായ സ്റ്റാൻലി ജോസിന്റെ ചിരിയോ ചിരി പരിപാടിയും മറ്റ് വ്യായാമ മുറകളും വളരെ ആവേഷത്തോടെ സദസ്സ് ഏറ്റെടുത്തു. രാവിന്റെ കുളിരും, അതിശൈത്യവും വക വെക്കാതെ ജനം ആഘോഷങ്ങൾക്കായി ഒഴുകിയെത്തിയത് മെക് 7 ആരോഗ്യ കൂട്ടായ്മ റിയാദിൽ പടർന്നു പന്തലിച്ചു എന്നതിന്റെ തെളിവ് തന്നെയായിരുന്നു.
മെക് 7 വനിത അംഗങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തം ആഘോഷങ്ങൾക്ക് നിറം നൽകി.
പരിപാടികളുടെ മുഖ്യ സംഘാടകൻ അഖിനാസ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ പ്രാതലും പായസവും വിതരണം ചെയ്തു. അബ്ദുൽ റസാക്ക് കൊടുവള്ളി, അബ്ദു പരപ്പനങ്ങാടി ബഷീർ കട്ടുപ്പാറ, സഈദ് കല്ലായി, ഷറഫുദീൻ ,പി ടി എ ഖാദർ കൊടുവള്ളി, ഇസ്മായിൽ കണ്ണൂർ, വിനോദ് കൃഷ്ണ, അൻസാരി വാഴക്കാട്,നാസർ ലെയ്സ്, സലാം പേക്കാടൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

