സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികള്‍ എസ്‌എസ്‌എല്‍സിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ ഒൻപത് കേന്ദ്രങ്ങളും ഗള്‍ഫില്‍ ഏഴ് കേന്ദ്രങ്ങളുമാണ് പരീക്ഷകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. എപ്രില്‍ 3നാണ് മൂല്യനിർണയം.
ഈ അധ്യയനവർഷം കൂടുതല്‍ വിദ്യാർഥികള്‍ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ് വിദ്യാർഥികള്‍, 1893 പേർ. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്‌എസ്‌എസാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017പേരാണ് ഇവിടെ പരീക്ഷ എഴുതുക. ഒരു കുട്ടി മാത്രം പരീക്ഷ എഴുതുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട് ഗവ. സംസ്കൃതം എച്ച്‌എസാണ് കുറവ് വിദ്യാർഥികളുള്ള കേന്ദ്രം.
രാവിലെ 9.30നാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. 1.30ന് രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകളും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകള്‍ മാർച്ച് 26ന് അവസാനിക്കും. മാർച്ച് ആറിന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷകള്‍ 29നും അവസാനിക്കും.
പരീക്ഷാ നടത്തിപ്പ് സുഗമമാക്കുന്നതിനും ചോദ്യപേപ്പറുകളും ഉത്തരകടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാർഥികള്‍ക്കായി പരീക്ഷാ ഹാളുകളില്‍ കുടിവെള്ള സംവിധാനവുമുണ്ടാകും.