കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകക്കേസില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. പത്താം ക്ലാസുകാരന് തന്നെയാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ അഞ്ചു പേര്‍ക്കൊപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. താമരശ്ശേരി സ്വദേശിയായ കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും.
ഷഹബാസിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്ക് അന്വേഷിക്കുന്നതിനിടയിലാണ് ഒരാള്‍ കൂടി പിടിയിലായത്. നേരിട്ട് പങ്കെടുത്തത് അഞ്ച് വിദ്യാര്‍ഥികളാണെങ്കിലും ആസൂത്രണം ചെയ്തതില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും വാട്സ് ആപ്പ് ഗ്രൂപ്പിലുള്ളവരെ കുറിച്ചും പൊലിസ് അന്വേഷിച്ച് വരികയാണ്. എസ്.എസ്.എല്‍.സി പരീക്ഷ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിന് പരിമിതി ഉണ്ടെന്നാണ് പൊലിസ് പറയുന്നത്.
വിദ്യാര്‍ഥികള്‍ അല്ലാത്തവര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പിതാവിന്റെ ആരോപണത്തിലും കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഇതുവരെയുള്ള അന്വേഷണത്തില്‍ കുട്ടികളുടെ മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും പങ്ക് കണ്ടെത്താനായിട്ടില്ലെന്നും പൊലിസ് വ്യക്തമാക്കുന്നു.
അതേസമയം, ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തിലും ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വ്യാപക പ്രതിഷേധങ്ങള്‍ക്കിടെയാണ് പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ ഇന്നലെ പരീക്ഷ എഴുതിയത്. വരും ദിവസങ്ങളില്‍ നടക്കുന്ന പരീക്ഷകളിലും പ്രതിഷേധം ശക്തമായി തുടരാന്‍ തന്നെയാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം. ഇവരെ പാര്‍പ്പിച്ച കോഴിക്കോട് വെള്ളിമാട് കുന്ന് ജുവനൈല്‍ ഹോമിലേക്ക് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധവുമായി എത്തിയിരുന്നു.