പാസ്റ്റർ അടക്കം 30 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് മാറിയതോടെ രാജസ്ഥാനിലെ ബന്‍സ്വാരയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ സോദ്‍ലദൂധയില്‍ പള്ളി ക്ഷേത്രമാക്കി മാറ്റി.ഗ്രാമത്തിലെ ക്രിസ്ത്യന്‍ മത വിശ്വാസികളില്‍ ഭൂരിപക്ഷം കുടുംബങ്ങളും ഹിന്ദുമതം സ്വീകരിച്ചു. ഇതിന് ഒത്താശ ചെയ്തതോ പള്ളിയിലെ പാസ്റ്ററും. ഭൂരിഭാഗം വിശ്വാസികളും ഹിന്ദുമതത്തിലേക്ക് മതം മാറിയതോടെയാണ് പള്ളി ക്ഷേത്രമായി മാറുകയും പുതിയ ക്ഷേത്രത്തിലെ പൂജാരിയായി പഴയ പള്ളിയിലെ പാസ്റ്റര്‍ തന്നെ സ്വയം നിയമിതനാകുകയും ചെയ്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബല്‍സ്വരയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയാണ് സോദ്‍ലദൂധ ഗ്രാമം. ഞായറാഴ്ച വന്‍ പോലീസ് സംരക്ഷണയിലായിരുന്നു മതം മാറ്റച്ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ സമാധാനപരമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് വർഷം പഴക്കമുള്ള പള്ളിയാണ് ഇപ്പോള്‍ ക്ഷേത്രമാക്കി മാറ്റിയത്. പള്ളിയിലെ പാസ്റ്ററായിരുന്ന ഗൌതം ഗരാസിയയുടെ നേതൃത്വത്തിലായിരുന്നു മതം മാറ്റചടങ്ങുകള്‍ സംഘടിക്കപ്പെട്ടത്. ഗൌതമിന്‍റേത് ഉള്‍പ്പടെ 45 കുടുംബങ്ങളാണ് ഗ്രാമത്തിലുണ്ടായിരുന്നത്. ഇതില്‍ 30 കുടുംബങ്ങളാണ് ഇപ്പോള്‍ തിരിച്ച് മതം മാറിയിരിക്കുന്നത്. ഇവര്‍ 30 വര്‍ഷം മുമ്പാണ് ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് ഗൌതം മതം മാറിയപ്പോഴാണ് ഗ്രാമവാസികളെല്ലാവരും ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായത്. തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിനാലാണ് ഇപ്പോള്‍ തിരിച്ച് വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഗൌതം പറഞ്ഞു. ഒരാളെയും മതം മാറാനായി നിർബന്ധിച്ചിട്ടില്ലെന്നും എല്ലാവരും സ്വമനസാലെ മതം മാറാനായി എത്തിചേരുകയായിരുന്നെന്നും ഗൌതം പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് സ്വന്തം ഭൂമിയില്‍ ഗൌതം തന്നെയാണ് പള്ളി പണിതത്. ഗ്രാമത്തിലെ ഭൂരിപക്ഷം ആളുകളും മതം മാറിയതോടെ പള്ളിയിലെ പ്രതിഷ്ഠയും മാറി. ഇപ്പോള്‍ ഭൈരവ മൂര്‍ത്തിയാണ് പ്രതിഷ്ഠ. ഒപ്പം ശ്രീരാമന്‍റെ ഒരു ചിത്രവും പള്ളിക്കുള്ളില്‍ വച്ചിട്ടുണ്ട്. ജയ് ശ്രീറാം വിളികളോടെ ഗ്രാമവാസികളെല്ലാവരും കൂടി ഘോഷയാത്രയായാണ് വിഗ്രഹ പ്രതിഷ്ഠ നടത്തിയത്. പള്ളിയ്ക്ക് കാവി നിറം അടിക്കുകയും കുരിശിന് പകരം ഹിന്ദു ദേവതകളുടെ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.