മാനവം ഇഫ്താർ സംഗമവും, ലഹരി വിരുദ്ധ ചർച്ചയും നടത്തി

മുക്കം: മുക്കം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടന മാനവം ഇഫ്താർ മീറ്റിനോടനുബന്ധിച്ച് “കൗമാരം, അക്രമം, മയക്കുമരുന്ന്; കാരണവും പരിഹാരവും” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

സമൂഹത്തിൽ പ്രത്യേകിച്ച്, കൗമാരക്കാർക്കിടയിൽ ആശങ്കപ്പെടുത്തും വിധം വർദ്ധിച്ചുവരുന്ന അക്രമോത്സുകതയുടെയും മയക്കുമരുന്നുപഭോഗത്തിൻ്റെയും കാരണവും പരിഹാരവും തേടിയുള്ള ചർച്ച ശ്രദ്ധേയമായി.

പുതിയകാലത്ത് തലമുറകൾക്കിടയിലെ ആശയവിനിമയത്തിൽ വന്ന വിടവും ബന്ധങ്ങളിൽ വൈകാരികത നഷ്ടപ്പെട്ടതും തലമുറകൾക്കിടയിലെ അകലം വർദ്ധിപ്പിച്ചു. സാങ്കേതികവിദ്യാകാലത്തെ തലമുറ ആൽഫയുടെ വേഗമേറിയ ഗ്ലോബൽ പ്രൊഫൈൽ, താരതമ്യേന വേഗം കുറഞ്ഞ മുൻതലമുറയുമായുള്ള അകലം വർദ്ധിപ്പിക്കാൻ കാരണമായി.

ഏറെ നന്മകളുള്ള പുതുതലമുറയിലെ നന്മകളെ കാണാതെ അവരിലെ മൈക്രോസ്കോപിക് തിന്മകളെ പർവതീകരിക്കുന്ന പ്രവണത സമൂഹത്തിൽ വർദ്ധിച്ച തോതിൽ കണ്ടുവരുന്നു. ഇത്, തലമുറകൾ തമ്മിൽ കൂടുതൽ അകലാനും അവിശ്വാസം വർദ്ധിപ്പിക്കാനും കാരണമായി. ഇത് പരസ്പരബന്ധത്തെ കൂടുതൽ സങ്കീർണമാക്കുന്നതിലേക്ക് നയിച്ചു.

ഒന്നിച്ചിരിക്കാനും ഒന്നിച്ചു കളിക്കാനുമുള്ള ലൈബ്രറി, കളിമൈതാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് സാമൂഹികബന്ധങ്ങളെ ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ ഭരണകുടങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും നിർദ്ദേശമുയർന്നു. കൗമാരത്തെ കലാകായിക സാംസ്കാരിക മേഖലകളിൽ കൂടുതൽ സജീവമാക്കാനുള്ള അവസരങ്ങളും ഒരുക്കേണ്ടതുണ്ട്.

മനുഷ്യരാശിയുടെ നിലനിൽപ്പിനെ ദോശകരമായി ബാധിക്കുന്ന ഈ മഹാവിപത്തിനെ പിടിച്ചുകെട്ടാനും അതിലേക്കുള്ള വഴികളടക്കാനും പൊതുസമൂഹം ഭരണ സംവിധാനങ്ങളോടൊപ്പം സഹകരിച്ച് ജാഗ്രതയോടെ പ്രവർത്തിക്കണം.

പരസ്പരം കൂടുതൽ മനസ്സിലാക്കി, ബന്ധങ്ങൾ വൈകാരികമാക്കി ചേർന്നുനിന്നും ചേർത്തുപിടിച്ചും അകലം കുറച്ച് മുന്നോട്ടുപോകുകയാണ് പ്രതിസന്ധി തരണം ചെയ്യാനുള്ള പ്രധാന പ്രതിവിധിയെന്ന് ചർച്ച അഭിപ്രായപ്പെട്ടു.

ജി അബ്ദുൽ അക്ബർ ചടങ്ങിൽ അധ്യക്ഷനായി. സുബൈർ അത്തൂളി സ്വാഗതം പറഞ്ഞു. മലിക് നാലകത്ത് വിഷയമവതരണം നടത്തി. അസീസ് മാസ്റ്റർ ചർച്ച നയിച്ചു. റോയ് തോമസ്, രാജൻ ശ്രാവണം, എൻ എം ഹാഷിർ, ഷിംജി, ബാബു മാസ്റ്റർ, സലാം മാസ്റ്റർ കണ്ണഞ്ചേരി, വിജയൻ മസ്റ്റർ നജീബ് ചേന്ദമംഗല്ലൂർ, കെ പുരുഷോത്തമൻ, അഹമദ്കുട്ടി മാസ്റ്റർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

spot_img

Related Articles

Latest news