കോട്ടയം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്ന പേരിൽ മാണി സി കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിച്ചു. മാണി സി കാപ്പന് പ്രസിഡന്റായും ബാബു കാര്‍ത്തികേയനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ടുപോകുമെന്ന് കാപ്പന് പറഞ്ഞു. കോണ്‍ഗ്രസില്‍ ചേരില്ലെന്നും സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച് മുന്നോട്ടുപോവുമെന്നും മാണി സി കാപ്പന് നേരത്തെ വ്യക്തമാക്കിയിരന്നു.
എല്‍ഡിഎഫ് വിട്ട മാണി സി കാപ്പന് കോണ്‍ഗ്രസില്‍ ചേരട്ടെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു മേല്‍നോട്ട സമിതി യോഗത്തിലും മുല്ലപ്പള്ളി ഇക്കാര്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതു മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണെന്നാണ് കാപ്പന് പറയുന്നത്. കോണ്‍ഗ്രസില്‍ ചേരില്ലെന്ന കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കാപ്പന് പറഞ്ഞു.
അതേസമയം കാപ്പന് മറുപക്ഷത്തേക്കു പോയത് ബാധിക്കില്ലെന്നാണ് എന്‍സിപിയുടെ വിലയിരുത്തല്‍. ഏതാനും ചിലര്‍ മാത്രമാണ് കാപ്പനോടൊപ്പമുള്ളത്. പാലാ ഉള്‍പ്പെടെയുള്ള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.