റിയാദ്: സൗദി അറേബ്യയിലെ കനത്ത മഴയില്‍ ഒരു മരണം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ തനോമ ഗവർണറേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്.സംഭവത്തില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുങ്ങിപ്പോവുകയായിരുന്നു. തനോമ ഗവർണറേറ്റിന് കിഴക്ക് ഭാഗത്തായുള്ള വാദിയിലാണ് കനത്ത മഴയെ തുടർന്ന് വെള്ളമുയർന്നത്.
അതേസമയം സൗദി സിവില്‍ ഡിഫൻസ് അധികൃതരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവിലാണ് മരിച്ചയാളുടെ മൃതദേഹം കണ്ടെത്താനായത്. താഴ്വാര പ്രദേശത്ത് രക്ഷാ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും തിരച്ചില്‍ നടത്തിയെങ്കിലും തനുമയിലെ വാദി തർജ് അണക്കെട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. രക്ഷപ്പെടുത്തിയ മൂന്നു പേരുടെയും നില തൃപ്തികരമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.