സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും, ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളി

മധുര: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചു.ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി യോഗത്തില്‍ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താൻ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വോട്ടെടുപ്പ് ഉണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെടില്ലെന്നാണ് വിവരം.

കേരളവും ബംഗാളും കഴിഞ്ഞാല്‍ കൂടുതല്‍ അംഗങ്ങളുള്ള തമിഴ്നാട് ഘടകവും ബേബിക്ക് അനുകൂലമായിരുന്നു. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ നിന്നുള്ള അംഗം ജനറല്‍ സെക്രട്ടറിയാകുന്നതില്‍ ഭൂരിപക്ഷം മുതിർന്ന അംഗങ്ങളും അനുകൂല നിലപാട് പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ കെട്ടുറപ്പ് കരുത്തുറ്റതാക്കാൻ കഴിയുന്ന സംസ്ഥാനം എന്ന നിലയ്ക് കേരളത്തിന് ഈ പദവിനല്‍കുന്നത് ഗുണകരമാവുമെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. സീനിയോറിട്ടിയും പ്രായവും (72) കേന്ദ്ര ഘടകത്തിലെ അനുഭവങ്ങളും ബേബിക്ക് മുതല്‍ക്കൂട്ടായി.കേരള അംഗങ്ങള്‍ക്കു പുറമെ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു. മാത്രമല്ല, പിബിയിലെ മുതിർന്ന അംഗങ്ങളില്‍ ഒരാളുമാണ് ബേബി. എന്നാല്‍, സമീപകാലത്ത് കർഷക സമരത്തിനും മറ്റും ശക്തമായ നേതൃത്വം നല്‍കിയ ധാവ്‌ലെ ജനറല്‍ സെക്രട്ടറിയാവുന്നത് പാർട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്ന നിലപാടാണ് ബംഗാള്‍ ഘടകം കൈക്കൊണ്ടത്.

പാർട്ടിക്ക് ശക്തമായ അടിത്തറയും തുടർഭരണവുമുള്ള കേരളത്തില്‍ നിന്നുള്ള അംഗം ജനറല്‍ സെക്രട്ടറി പദവിയിലെത്തിയാല്‍ അത് സംഘടനയുടെ വളർച്ചയില്‍ നിർണായക സ്വാധീനം ചെലുത്തുമെന്ന വാദഗതിയും ശക്തമായി. ഇതാണ് ബേബിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.

വളരെക്കാലം മുൻപുതന്നെ പാർട്ടി കേന്ദ്രക്കമ്മിറ്റിയിലെത്തിയ ബേബി 2012ല്‍ കോഴിക്കോട് നടന്ന പാർട്ടി കോണ്‍ഗ്രസിലൂടെയാണ് പിബിയിലെത്തുന്നത്. പാർട്ടി സെൻട്രല്‍ സെക്രട്ടേറിയറ്റിലും അംഗമായിട്ടുണ്ട്. 2008ല്‍ കോയമ്പത്തൂരില്‍ നടന്ന 19-ാം പാർട്ടി കോണ്‍ഗ്രസില്‍ അദ്ദേഹത്തെ പിബിയില്‍ എടുക്കേണ്ടതായിരുന്നു. സ്വാഭാവികമായും ബേബി അന്ന് പിബിയില്‍ എത്തുമെന്ന് കരുതിയെങ്കിലും അവസാനനിമിഷം വിഎസ് അച്യുതാനന്ദൻ കോടിയേരിയുടെ പേര് നിർദ്ദേശിച്ചതോടെ ഔദ്യോഗിക പക്ഷത്തിന് ആ തീരുമാനത്തിനൊപ്പം നില്‍ക്കുകയേ മാർഗമുണ്ടായിരുന്നുള്ളു.

spot_img

Related Articles

Latest news