കാശില്ലാത്തതിനാല്‍ സിനിമാമേഖലയില്‍ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത പ്രതിഭകള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ സംരംഭം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിതാശാക്തീകരണ കാഴ്ചപ്പാടില്‍ കെ.എസ്.എഫ്.ഡി.സി നിര്‍മിച്ച ‘ഡിവോഴ്സ്’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം നടന്നു. സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വഹിച്ചു. കാശില്ലാത്തതിനാല്‍ സിനിമാമേഖലയില്‍ തങ്ങളുടെ പ്രതിഭ പ്രകടിപ്പിക്കാന്‍ സാധിക്കാത്ത പ്രതിഭകള്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ സംരംഭമാണിതെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. രണ്ടു വനിതാസംവിധായകര്‍ക്കാണ് ഒന്നരക്കോടി രൂപ വീതം സിനിമാ നിര്‍മാണത്തിന് അനുവദിച്ചത്. താരാ രാമാനുജം ‘നിഷിദ്ധം’, മിനി ഐ.ജിയുടെ ‘ഡിവോഴ്സ്’ എന്നിവയാണിത്. ഇതില്‍ മിനി ഐ.ജി സംവിധാനം ചെയ്ത ‘ഡിവോഴ്സി’ന്റെ പ്രദര്‍ശനോദ്ഘാടനമാണ് നടക്കുന്നത്. ഇതുകൂടാതെ പട്ടികവിഭാഗ സംവിധായകര്‍ക്ക് മൂന്നുകോടി രൂപ രണ്ടു സംവിധായകര്‍ക്ക് നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോവിഡ് സൃഷ്ടിച്ച വല്ലാത്ത അവസ്ഥമൂലം ചലച്ചിത്രമേഖല ഒരു വര്‍ഷത്തോളമായി പ്രതിസന്ധിയിലായിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. ഇതൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിലുള്ള പെരുമാറ്റവും സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ നിയന്ത്രണത്തിന് വിധേയമായി ജീവിക്കുക എന്നതാണ് മാര്‍ഗം. ഇതുപ്രകാരമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഐ.എഫ്.എഫ്.കെ നാലു കേന്ദ്രങ്ങളിലായി നല്ല നിലയില്‍ നടത്തുന്നത്. ഇതില്‍ വിവാദങ്ങളുണ്ടാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ആരും അതു പൊതുവില്‍ സ്വീകരിച്ചിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാണം, പ്രദര്‍ശനം തുടങ്ങിയവയില്‍ കുറച്ചു ഇളവുകള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ സെക്കന്‍ഡ് ഷോ വേണെമന്ന ആവശ്യമുയര്‍ന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. എന്നാല്‍ പഴയ രൂപത്തിലേക്ക് അടുത്ത കാലത്തൊന്നും പോകാന്‍ കഴിയില്ലെന്നത് നാം മനസിലാക്കണം.
പ്രോട്ടോക്കോള്‍ പ്രകാരം ജീവിച്ചാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല.
കോവിഡ് വ്യാപനത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുത്. അതിനെതിരായ സന്ദേശം നല്‍കാന്‍ മാധ്യമങ്ങള്‍ക്കുമാകണം. ഒരു കാലത്ത് അടിസ്ഥാന വിഭാഗത്തിന് നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ല. വിഗതകുമാരനിലെ നായിക പി.കെ റോസിക്ക് സിനിമയില്‍ അഭിനയിച്ചതുകൊണ്ടു നേരിടേണ്ടിവന്ന വിഷമതകളും പരിഹാസവും നമ്മുടെ സാംസ്‌കാരിക ലോകത്തെ കറുത്ത പാടാണ്. എസ്.സി-എസ്.ടി ഫണ്ടുപയോഗിച്ച് പട്ടികവിഭാഗങ്ങളിലും മറ്റു പിന്നാക്കവിഭാഗങ്ങളിലും പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചരക്കോടി ചെലവില്‍ പി.കെ റോസിയുടെ പേരില്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പണിതു. നവോത്ഥാന നായകരുടെ പേരില്‍ ഓരോ ജില്ലയിലും സാംസ്‌കാരിക നിലയങ്ങള്‍ നിര്‍മിച്ചുവരികയാണ്. ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനത്തിന് മഹാനടന്‍ സത്യന്‍ പേരില്‍ മന്ദിരം നിര്‍മിച്ചു. ഗ്രാമപ്രദേശങ്ങളില്‍ അന്യം നിന്നുപോയ തീയറ്ററുകള്‍ തിരികെക്കൊണ്ടുവരികയാണ്.
ചിത്രാഞ്ജലി സ്റ്റുഡിയോ നൂറുകോടി ചെലവില്‍ നവീകരിക്കുകയാണ്. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇവ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. ‘ഡിവോഴ്സ്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, എം.ഡി എന്‍. മായ, വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍, കെ.എസ്.എഫ്.ഡി.സി ഭരണസമിതിയംഗം മധുപാല്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.