നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ എൻ എൻ രവിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവെച്ചത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകള്‍ നിയമം കൊണ്ടുവരുന്നത്. അതില്‍ തടയിടുന്ന നിലപാട് ശരിയലെന്നും സുപ്രീം കോടതി പറഞ്ഞു.
ഭരണഘടന അനുസരിച്ച് 3 വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നല്‍കുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാല്‍ ബില്ലില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം. സഭ രണ്ടാമതും പാസാക്കിയ ബില്ലിന്‍മേല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജെ ബി പർദീവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.