കോഴിക്കോട്: ശുചിമുറി തുറന്നുകൊടുക്കാത്തതിന് പയ്യോളിയിലെ പെട്രോള്‍ പമ്പിന് 1.65 ലക്ഷം പിഴ. പത്തനംതിട്ട ഏഴംകുളം സ്വദേശിനിയായ അധ്യാപിക സി.എല്‍.ജയകുമാരിയുടെ പരാതിയില്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റേതാണ് വിധി. 2024 മേയ് എട്ടിന് കാസര്‍ഗോഡ് നിന്ന് പത്തനംതിട്ടയ്ക്ക് പോകും വഴി രാത്രി എട്ടരയ്ക്ക് പയ്യോളിയിലെ ഫാത്തിമ ഹന്നയുടെ പമ്പില്‍ പെട്രോള്‍ അടിക്കാന്‍ ജയകുമാരി സഞ്ചരിച്ചിരുന്ന വാഹനം കയറിയപ്പോള്‍ അവിടത്തെ ശുചിമുറി പൂട്ടിയനിലയിലായിരുന്നു. താക്കോല്‍ ആവശ്യപ്പെട്ടതോടെ പുരുഷ ജീവനക്കാരന്‍ മോശമായി പെരുമാറി. താക്കോല്‍ മാനേജരുടെ കൈയിലാണെന്നും അദ്ദേഹം വീട്ടില്‍ പോയി എന്നുമായിരുന്നു വിശദീകരണം.
സ്റ്റാഫിന്‍റെ ടോയ്‌ലെറ്റ് തുറന്നുകൊടുക്കാന്‍ പറഞ്ഞെങ്കിലും നല്‍കിയില്ല. ജയകുമാരി ഉടനെ പയ്യോളി പോലീസില്‍ വിളിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് ശുചിമുറി ബലമായി തുറന്നു കൊടുത്തു. ഉപയോഗശൂന്യമെന്നായിരുന്നു ജീവനക്കാര്‍ പറഞ്ഞതെങ്കിലും പോലീസ് തുറന്നപ്പോള്‍ കണ്ടത് ഒരു തകരാറുമില്ലാത്ത ശുചിമുറിയായിരുന്നു.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയും ശുചിമുറി തുറന്നു നല്‍കാന്‍ തയാറാകാതെ തന്റെ അവകാശം നിഷേധിക്കുകയും ചെയ്തതിനെതിരെയാണ് കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്.
പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ശുചിമുറി സൗകര്യങ്ങള്‍ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്ക് രാത്രി 11 മണിക്കുണ്ടായ അനുഭവം മാനസികമായി ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 1,50,000 രൂപ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1.65,000 രൂപ പരാതിക്കാരിക്ക് നല്‍കണമെന്നും കമ്മീഷന്‍ വിധിച്ചു.