തൃശൂർ മാളയില്‍ ആറു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പോക്സോ, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.കുഴൂർ തിരുമുക്കളം മഞ്ഞളി വീട്ടില്‍ അജീഷിന്റെ മകൻ അബേലിനെയാണ് ജോജോ (23) കൊലപ്പെടുത്തിയത്. ആബേലിന്റ മൃതദേഹം ഇന്നലെ രാത്രി ചെളിയില്‍ പൂണ്ട നിലയില്‍ വീടിനടുത്തുള്ള കുളത്തില്‍ നിന്നാണ് കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജോജോ. ഇന്നലെ രാത്രി പ്രതിയെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയുമായി ഇന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തും പരിസരങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തും.
വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചെത്താത്തതിനാല്‍ വീട്ടുകാർ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് രാത്രി ഒമ്ബതരയോടെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത യുവാവിനൊപ്പം കുട്ടിയെ തിരുമുക്കളത്തെ വീടിന് സമീപത്തെ സ്വർണപള്ള പാടശേഖരത്തിനടുത്ത് റോഡില്‍ വ്യാഴാഴ്ച വൈകിട്ട് 6.20ന് നാട്ടുകാർ കണ്ടിരുന്നു.
കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ പ്രതി ജോജോ ശ്രമിച്ചു. കുട്ടി വിവരം അമ്മയോട് പറയുമെന്ന് പറഞ്ഞു. തുടർന്ന് കുട്ടിയുടെ മുഖം വെള്ളത്തില്‍ മുക്കി. കരയ്ക്ക് കയറാൻ ശ്രമിച്ചപ്പോള്‍ വീണ്ടും മുക്കിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. താനിശേരി സെന്റ് സേവിയർ സ്കൂളില്‍ യുകെജി വിദ്യാർഥിയായിരുന്നു അബേല്‍. മൃതദേഹം മാള സ്വകാര്യാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് തൃശൂർ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തും.