ഗുലാം നബിയുടെ പാര്‍ട്ടിയുടെ കാര്യം തീരുമാനമായി; പാര്‍ട്ടി യൂണിറ്റുകളെല്ലാം പിരിച്ചുവിട്ടു

കോൺഗ്രസിൽ നിന്നും തെറ്റി പിരിഞ്ഞ് കോൺഗ്രസിനെ പാഠം പഠിപ്പിക്കാനായി ഇറങ്ങിയ കോൺഗ്രസ് നേതാവും .കാശ്മീർ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ് മൂന്ന് വർഷം മുമ്പ് രൂപീകരിച്ച ഡൊമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി അകാല ചരമമടഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടുവെന്ന് ഗുലാം നബി ആസാദിന്റെ സെക്രട്ടറി അറിയിച്ചു.

ലോക്‌സഭ – നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം തന്റെ പാര്‍ട്ടിയായ ഡിപിഎപി ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകള്‍ എല്ലാം പിരിച്ചു വിടുന്നതെന്നാണ് പാര്‍ട്ടി ചെയര്‍മാനായ ആസാദിന് വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. 90 അംഗ കാശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ആസാദിന്റെ പാര്‍ട്ടി ഒറ്റയ്ക്ക് 23 സീറ്റില്‍ മത്സരിച്ചു. ഒരിടത്തു പോലും കെട്ടിവെച്ച കാശ് കിട്ടിയില്ല. പാര്‍ട്ടിക്ക് കേവലം മൂന്നര ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനായി ബിജെപിയുമായി ആസാദിന്റെ പാര്‍ട്ടിക്ക് രഹസ്യ ബാന്ധവമുണ്ടെന്ന് ആക്ഷേപം തുടക്കത്തില്‍ തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് വിടുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുന്നതില്‍ മുന്നിലായിരുന്നു.

കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഘട്ടത്തില്‍ അദ്ദേഹം കാശ്മീരിലെ പ്രത്യേക രാഷ്ടീയ കാലാവസ്ഥയില്‍ തന്റെ സ്വാധീനം ഉറപ്പിക്കാമെന്ന് കരുതിയാണ് പുതിയ രാഷ്ടീയ സംഘടന രൂപീകരിച്ചത്. തിരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നം പാടിയതോടെ ഇനി പാര്‍ട്ടി പുന: സംഘടിപ്പിക്കുമോ അതോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുമോ എന്ന കാര്യത്തിലെല്ലാം അനിശ്ചിതത്വം തുടരുകയാണ്. നിലവില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍. ദീര്‍ഘകാലം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗവും കേന്ദ്രമന്ത്രിയുമൊക്കെ ആയിരുന്ന ഗുലാം നബി രാഹുല്‍ ഗാന്ധിയുമായി തെറ്റിപിരിഞ്ഞാണ് 2022 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് വിട്ടത്.

2013ല്‍ രാഹുല്‍ ഗാന്ധി വൈസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതോടെ കോണ്‍ഗ്രസില്‍ കൂടിയാലോചനകള്‍ അവസാനിച്ചെന്ന കുറ്റപ്പെടുത്തലാണ് രാഹുലിനെതിരെ അദ്ദേഹം മുഖ്യമായും ഉന്നയിച്ചത്. മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെട്ടു. പരിചയസമ്ബത്തില്ലാത്ത പാദസേവകരുടെ നിയന്ത്രണത്തിലായി കോണ്‍ഗ്രസെന്ന് കാണിച്ച്‌ അദ്ദേഹം സോണിയാഗാന്ധിക്ക് കത്തയച്ചെങ്കിലും നേതൃത്വം ഗൗരവത്തിലെടുത്തില്ല. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന 23 നേതാക്കളുടെ ജി- 23 എന്നൊരു ഗ്രൂപ്പ് ഉണ്ടാക്കി സമ്മര്‍ദ്ദ ശക്തിയാവാന്‍ ശ്രമിച്ചെങ്കിലും അത് പച്ചപിടിച്ചില്ല. രാഹുല്‍ ഗാന്ധി ഇവരുടെ സമ്മര്‍ദ്ദമൊന്നും കണ്ടതായി പോലും പരിഗണിച്ചില്ല. ഇത്തരം അവഗണനകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. ജി 23 യുടെ നേതാവായിരുന്നെങ്കിലും കോണ്‍ഗ്രസ് വിട്ടപ്പോള്‍ ദേശീയ- സംസ്ഥാന തലത്തില്‍ നിന്ന് പ്രധാന നേതാക്കളോ അണികളോ അദ്ദേഹത്തിനൊപ്പം പോയില്ല.

spot_img

Related Articles

Latest news