ബത്തേരി: വയനാട്ടില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ഇടിച്ച് പുള്ളിമാന്‍ ചത്തു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്‌കാനിയാ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ ബസ് കസ്റ്റഡിയിലെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംഭവത്തില്‍ വനംവകുപ്പ് നായാട്ട് കുറ്റം ചുമത്തി കേസെടുത്തു. ഇടിച്ച ബസ് ഇനി നിരത്തിലിറക്കണമെങ്കില്‍ ബോണ്ട് കെട്ടിവയ്‌ക്കേണ്ടി വരും. ബസ് കസ്റ്റഡിയിലായതോടെ പെരുവഴിയിലായ യാത്രക്കാരെ പുറകെയെത്തിയ മറ്റൊരു ബസില്‍ കയറ്റി വിടേണ്ടി വന്നു.
ദേശീയപാത 766ല്‍ കല്ലൂരിനും മുത്തങ്ങയ്ക്കും ഇടയില്‍ എടത്തറയില്‍ ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നു വന്ന ബസ് ബത്തേരി ഡിപ്പോയില്‍ യാത്രക്കാരെ ഇറക്കി ബെംഗളൂരുവിലേക്കു യാത്ര തുടരുന്നതിനിടെയാണ് മാനിനെ ഇടിച്ചത്. കല്ലൂര്‍ പിന്നിട്ട് വനമേഖല തുടങ്ങുന്ന ഭാഗമെത്തിയപ്പോള്‍ മാനുകള്‍ കൂട്ടത്തോടെ റോഡ് കുറുകെ കടക്കവെയാണ് അതിലൊന്നിനെ ബസ് ഇടിച്ചത്. പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ബസിനടിയില്‍ മാന്‍ കുടുങ്ങിയ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വനപാലകര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
നായാട്ടിന് കേസെടുത്ത വനംവകുപ്പ് ബസ് കസ്റ്റഡയിലെടുത്ത് ബത്തേരി ഫോറസ്റ്റ് സെക്ഷന്‍ ഓഫിസില്‍ എത്തിച്ചു. 19 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. അരമണിക്കൂറിനു ശേഷം അതുവഴിയെത്തിയ മറ്റൊരു സ്‌കാനിയ ബസില്‍ യാത്രക്കാരെ കയറ്റിവിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കോടമഞ്ഞ് നിറഞ്ഞുകിടക്കുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.