ശ്രീനഗർ: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഒന്നടങ്കം അപലപിച്ച് കാശ്മീരി ജനത. ജമ്മു കാശ്മീരില്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹർത്താല്‍ പൂർണമാണ്.ഇന്ന് രാവിലെ ഭീകരാക്രമണത്തിനെതിരെ കാശ്മീരി ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഞങ്ങള്‍ക്ക് സമാധാനമാണ് വേണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
‘ജമ്മുകാശ്മീരിന്റെ പ്രധാന വരുമാനമാണ് വിനോദ സഞ്ചാരികള്‍. അവർക്ക് എതിരെയുള്ള ആക്രമണം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. അല്ലാഹു എല്ലാവർക്കൊപ്പവും ഉണ്ട്. ഹിന്ദുവായാലും മുസ്ലീം ആയാലും അല്ലാഹുവിന് വേർതിരിവില്ല. ഈ നാട്ടില്‍ വേണ്ടത് സമാധാനമാണ്’,- പ്രദേശവാസികള്‍ പറയുന്നു. ജമ്മുവിന്റെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിനെതിരെ റാലികള്‍ നടക്കുന്നുണ്ട്.
പ്ലക്കാർഡുകളുമായാണ് ജനം തെരുവിലിറങ്ങിയത്. ശ്രീനഗറിലെ പൊലീസ് ആസ്ഥാനത്തേയ്ക്കും ജനങ്ങള്‍ പ്രതിഷേധനവുമായി എത്തുന്നുണ്ട്. ജമ്മുകാശ്മീരില്‍ സമാധാനം നടപ്പിലാക്കാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ശ്രീനഗറില്‍ ഇന്ന് വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നിട്ടില്ല.
ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം പഹല്‍ഗാമില്‍ നടന്നത്. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹില്‍ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരൻ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.