പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച്‌ ഇന്ത്യ; സിന്ധുനദീജല കരാര്‍ മരവിപ്പിച്ചു, യാത്രാവിലക്ക് അടക്കം കടുത്ത നിയന്ത്രണം

പഹല്‍ഗാം തീവ്രവാദി അക്രമത്തില്‍ പാകിസ്ഥാനെതിരെ കനത്ത പ്രതിരോധം തീര്‍ക്കാന്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിലാണ് ഇന്ന് യോഗം ചേര്‍ന്നത്. കരുതിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

പാകിസ്ഥാനുമായി ഉഭയകക്ഷി ബന്ധങ്ങള്‍ കുറയ്ക്കും. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. പാക് പൗരന്മാര്‍ക്ക് സാര്‍ക് വിസ അനുവദിക്കില്ല. നിലവില്‍ നല്‍കിയ വിസ റദ്ദാക്കും. അവര്‍ 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിര്‍ത്തി അടച്ചു. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും തീരുമാനം. പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്നും 30 ആയി കുറയ്ക്കും.

ആക്രമണത്തിനുപിന്നില്‍ അതിര്‍ത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് യോഗം വിലയിരുത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഏഴാം നമ്പര്‍ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെ യോഗം രണ്ടു മണിക്കൂറിലധികം നീണ്ടു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്, കര, വ്യോമ, നാവിക സേനാ തലവന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

പഹല്‍ഗാം സന്ദര്‍ശിച്ചശേഷം വൈകുന്നേരത്തോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ എത്തിയത്. അമേരിക്ക, പെറു സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ധനമന്ത്രി ഇന്ന് എത്തിച്ചേര്‍ന്നത്.

സൗദി അറേബ്യ സന്ദര്‍ശനം വെട്ടിക്കുറച്ച്‌ രാവിലെ പ്രധാനമന്ത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തിയിരുന്നു. കശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ താഴ്‌വരയിലാണ് തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത്. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരു നേപ്പാള്‍ സ്വദേശിയുമടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 17 പേര്‍ ചികിത്സയിലുണ്ട്. പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ നിഴല്‍ ഗ്രൂപ്പായ ദി റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അതേസമയം ഇന്ത്യ സൈനികമായി തിരിച്ചടിച്ചേക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരോട് തയ്യാറെടുപ്പുകള്‍ നടത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

spot_img

Related Articles

Latest news