ന്യൂഡൽഹി: പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്ത്.തരൂർ കോണ്‍ഗ്രസിന് വേണ്ടിയാണോ സംസാരിക്കുന്നത് അതോ ഭരണകക്ഷിയായ ബിജെപിയുമായി സഖ്യത്തിലാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ശശി തരൂർ കോണ്‍ഗ്രസ് പാർട്ടിയിലാണോ അതോ ബിജെപിയിലാണോ? അദ്ദേഹം ഒരു സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുകയാണെയെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
തരൂർ എപ്പോഴാണ് ബിജെപിയുടെ വക്കീല്‍ ആയത്. 26/11 മുംബൈ ആക്രമണസമയത്ത്, ഗുജറാത്തില്‍ നിന്ന് മുംബൈയിലെത്തിയ മോദി പറഞ്ഞത് കേന്ദ്ര സർക്കാരിന്റെ പരാജയമാണെന്നാണ്. അതിർത്തിയിലല്ല, കേന്ദ്രത്തിലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്റലിജൻസ്, ബിഎസ്‌എഫ്, സിആർപിഎഫ് എന്നിവ കേന്ദ്രത്തോടൊപ്പമുള്ളപ്പോള്‍ തീവ്രവാദികള്‍ എങ്ങനെയാണ് പ്രവേശിപ്പിച്ചത്. ബിജെപി സർക്കാർ തന്നെ സുരക്ഷാ വീഴ്ച സമ്മതിച്ചെങ്കില്‍, സഹോദരൻ തരൂർ, നിങ്ങള്‍ എങ്ങനെയാണ് അവരുടെ അഭിഭാഷകനായതെന്നും അദ്ദേഹം എഴുതി. പ്രധാനമന്ത്രി മോദി പഹല്‍ഗാം സന്ദർശിക്കാതെ ബീഹാറിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത് എന്തുകൊണ്ടാണെന്ന് തരൂർ ചോദിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.