കോട്ടയം : എൻസിപിയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്തുവന്ന പിന്നാലെ സ്വന്തം പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണ് മാണി സി കാപ്പൻ. നാഷ്ണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നതാണ് കാപ്പന്റെ പുതിയ പാർട്ടിയുടെ പേര്. യു ഡി എഫിന്റെ ഭാഗമായി പ്രവർത്തിക്കാനാണ് കാപ്പന്റെ നീക്കം. മുന്നണിയിൽ ഘടകക്ഷിയായി പാലാ ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ മത്സരിക്കാനാണ് കാപ്പൻറെ ലക്ഷ്യം.
അതിനിടെ മാണി സി കാപ്പന്റെ നീക്കത്തിന് കരുത്ത് പകർന്ന് എൽഡിഎഫിന് കനത്ത തിരിച്ചടി നൽകി എൻസിപിയിൽ നിന്ന് കൂടുതൽ പേർ രാജിവെച്ചു. ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരടക്കം നിരവധിപ്പേരാണ് രാജിവെച്ചത്. ഇടതുമുന്നണി വിട്ട കാപ്പൻ കോൺഗ്രസിൽ ചേർന്ന് പാലായിൽ സ്ഥാനാർത്ഥിയാകണമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. കൈപ്പത്തി ചിഹ്നത്തിൽ തന്നെ കാപ്പൻ മത്സരിച്ചാൽ അത് കോട്ടയം ജില്ലയിലാകെ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത് തള്ളിയാണ് സ്വന്തമായൊരു പാർട്ടി കാപ്പൻ പ്രഖ്യാപിച്ചത്. യു ഡി എഫിൽ ഘടകക്ഷിയായി തിരഞ്ഞെടുപ്പിനെ നേരിടാണ് കാപ്പൻ ഒരുങ്ങുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഘടകക്ഷിയാകണമെന്ന കാപ്പന്റെ ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ അനുവദിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് കാപ്പൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം കാപ്പനെ ഘടകക്ഷിയാക്കിയെടുക്കുന്നതിനോട് കോൺഗ്രസിൽ ഒരു വിഭാഗത്തിന് അനുകൂല നിലപാടല്ല. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലാകും ഇത് സംബന്ധിച്ച തിരുമാനം ഉണ്ടായേക്കുക. അതിനിടെയാണ് കാപ്പന്റെ നീക്കത്തിന് കരുത്തായി എൻസിപിയിൽ നിന്ന് നിരവധി നേതാക്കൾ കാപ്പിനൊപ്പം എന്ന് പ്രഖ്യാപിച്ച് പാർട്ടിയിൽ നിന്നും രാജിവെച്ചത്. ഷാജി കുറുമുട്ടം, ബാബു കാല, ജോഷി പുതുമന, തോമസുകുട്ടി, പിഎം ഇബ്രാഹിം, സുധീര്‍ ശങ്കരമംഗലം, വിആര്‍ ഗോപാലകൃഷ്ണന് എന്നീ ഏഴ് ബ്ലോക്ക് പ്രസിഡന്റുമാരടക്കമാണ് രാജിവെച്ചത്.