തിരുവനന്തപുരം കാട്ടാക്കടയില്‍ 15കാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.തിരുവനന്തപുരം വഞ്ചിയൂർ കോടതിയുടേതാണ് വിധി. ഐപിസി 302 വകുപ്പ് പ്രകാരമുളള കുറ്റമാണ് കോടതി വിധിച്ചിരിക്കുന്നത്.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍ കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15) ആണ് കൊല്ലപ്പെട്ടത്. കേസില്‍ നാളെയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
2023 ഓഗസ്റ്റ് 30നാണ് ആദിശേഖർ കാറിടിച്ച് കൊല്ലപ്പെടുന്നത്.കാർ കയറ്റി കൊലപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുളിങ്കോട് ക്ഷേത്രത്തിലെ സിസിടിവി ക്യാമറയില്‍ നിന്നാണ് ലഭിച്ചത്. ‘മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ‘ എന്ന ആദിശേഖറിന്റെ നിഷ്കളങ്കമായ ചോദ്യത്തില്‍ നിന്നുണ്ടായ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത്.
ആദിശേഖർ കൂട്ടുകാർക്കൊപ്പം പുളിങ്കോട് ക്ഷേത്ര ഗ്രൗണ്ടില്‍ കളി കഴിഞ്ഞ് ബാള്‍ ഷെഡില്‍ സൂക്ഷിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന കുട്ടിയില്‍ നിന്ന് ആദിശേഖർ സ്വന്തം സൈക്കിള്‍ വാങ്ങി കയറാൻ തുടങ്ങുന്നതിനിടെ പിന്നാലെ വേഗത കുറച്ചുവന്ന ഇലക്ട്രിക് കാർ (കെ.എല്‍ 19 എൻ 6957) വേഗതകൂട്ടി കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം കടന്നുപോവുകയായിരുന്നു.
പ്രതി പ്രിയരഞ്ജൻ സ്ഥിരം മദ്യപാനിയാണെന്നും സംഭവ സമയത്തും മദ്യപിച്ചിരുന്നതായും മുൻകൂട്ടി പദ്ധതിയിട്ട കൊലയാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആദിശേഖറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാർ സംശയം ഉന്നയിച്ചതോടെയാണ് അപകട മരണമായി ആദ്യം രജിസ്റ്റർ ചെയ്ത കേസ് നരഹത്യയായി പരിഗണിച്ചത്. സംഭവത്തിനുശേഷം തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രിയരഞ്ജനെ കന്യാകുമാരിയില്‍ നിന്നാണ് പിടികൂടിയത്.