കാണ്ഡഹാർ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരനായ അബ്ദുല്‍ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറില്‍ കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹർ.
മിസൈല്‍ ആക്രമണത്തിലാണ് റൗഫ് അസ്ഹറിന് പരിക്കേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹാവല്‍പുരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് അബ്ദുല്‍ റൗഫിന് ഗുരുതര പരിക്കേറ്റത്.
കാണ്ഡഹാർ വിമാനറാഞ്ചലിനും അമേരിക്കൻ പത്രപ്രവർത്തകന്റെ കൊലപാതകത്തിനും ഉത്തരവാദി റൗഫ് അസ്ഹർ ആയിരുന്നു.ബഹാവല്‍പുരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തില്‍ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് അടുത്ത കൂട്ടാളികളും കൊല്ലപ്പെട്ടതായി മസൂദ് അസ്ഹർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.മൂത്ത സഹോദരിയും ഭർത്താവും, അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, കുടുംബത്തിലെ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നതായി അസ്ഹറിന്റേതായി അവകാശപ്പെടുന്ന പ്രസ്താവനയില്‍ പറയുന്നു.