സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ബി ആര്‍ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.മുന്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് കേന്ദ്ര സര്‍ക്കാരിന് ഗവായിയുടെ പേര് നിര്‍ദ്ദേശിച്ചത്. മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയാണ് ജസ്റ്റീസ് ബി ആര്‍ ഗവായ്. കേരളത്തിന്റെ മുന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ മകനാണ് .
ആറ് മാസത്തേക്കാണ് ബി ആർ ഗവായുടെ നിയമനം. നവംബര്‍ 23ന് കാലാവധി അവസാനിക്കും. ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്. നാഷണല്‍ ലീഗല്‍ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.നാഗ്പൂർ മുനിസിപ്പല്‍ കോർപ്പറേഷൻ , അമരാവതി മുനിസിപ്പല്‍ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗണ്‍സിലായിരുന്നു അദ്ദേഹം.
1992 ആഗസ്‌ത് മുതല്‍ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചില്‍ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബർ 14 ന്ബി ആർ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി. 2019 ലാണ് ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്.