തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി ദളിത് സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച വാർത്ത ഏവരെയും ഞെട്ടിക്കുന്നതാണ്.ഇപ്പോഴിതാ സംഭവം പുറത്ത് വന്നതിന് പിന്നാലെ മുഖം രക്ഷിക്കാൻ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട സ്റ്റേഷനിലെ എസ് ഐക്ക് സസ്‌പെൻഷൻ കൊടുത്തുകൊണ്ടാണ് നടപടിയെടുത്തിരിക്കുന്നത്.
സ്പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിയുടെ വിശദമായ റിപ്പോർട്ടിന് ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു. ജോലി ചെയ്യുന്ന വീട്ടില്‍നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ചാണ് കഴിഞ്ഞ മാസം 23 നാണ് പേരൂര്‍ക്കട സ്വദേശി ബിന്ദുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. താൻ മോഷ്ടിച്ചിട്ടില്ലെന്ന് പൊലീസുകാരുടെ കാലുപിടിച്ചു പറഞ്ഞിട്ടും എസ്‌ഐയും സംഘവും ദളിത് സ്ത്രീക്ക് മുന്നില്‍ അധികാരം പ്രയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.
അമ്പലമുക്ക് സ്വദേശി ഓമന ഡാനിയേലാണ് വീട്ടുജോലിക്കാരിയായ ബിന്ദുവിനെതിരെ പൊലീസില്‍ മോഷണത്തിന പരാതി നല്‍കിയത്. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയാണ്. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. പിറ്റേന്ന് വീട്ടില്‍നിന്ന് തന്നെ സ്വര്‍ണം കിട്ടിയതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു.