എറണാകുളം: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മൂന്നര വയസുകാരി പീഡനത്തിനിരയായ കേസില്‍ കുഞ്ഞിന്റെ പിതാവിന്റെ സഹോദരൻ അറസ്റ്റില്‍.ഇന്നലെ രാവിലെ മുതല്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകാതെ ഇയാളെ കോടതിയില്‍ ഹാജരാക്കിയേക്കും. കൊലപാതക കേസിനു പിന്നാലെ കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്ന വിവരവും പുറത്തു വന്നതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. അതിനിടെ, കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായതോടെ കുട്ടിയുടെ അമ്മയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധു പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കുട്ടിയുടേത് മുങ്ങിമരണം തന്നെയാണെങ്കിലും ശരീരത്തില്‍ കണ്ട ചില പാടുകളും മുറിവുകളും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കുട്ടിയുടെ കൊലപാതകം അന്വേഷിക്കുന്ന ചെങ്ങമനാട് പൊലീസ് തുടര്‍ന്ന് ഇക്കാര്യം പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയാണ് പോലീസ് പ്രതിയെ ചോദ്യം ചെയ്തത്.കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍ പിന്നാലെയാണ് അടുത്ത ബന്ധുവിലേക്കുള്ള പൊലീസിന്റെ അന്വേഷണം ആരംഭിച്ചത്. ബന്ധു ഒരു വര്‍ഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുക്കുകയും വൈകാരികമായി പ്രതികരിക്കുന്നതും കണ്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നല്കിയ സൂചനയ്ക്ക് പിന്നാലെ നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിനൊടുവില്‍ ബന്ധുക്കളായ 3 പേരെയായിരുന്നു പൊലീസിന് സംശയം. ഇതില്‍ 2 പേരെ പിന്നീട് വിട്ടയച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ നല്കിയ മൊഴിയുടെയും പ്രതിയുടെ ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തില്‍ ഒരാളെ മാത്രം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃവീട്ടില്‍ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു. റിമാന്‍ഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് ഭര്‍തൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയില്‍നിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിക്കുന്നതും വഴിക്കു വച്ച് കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തുന്നതും. കുട്ടിയുമായി അന്ന് വൈകിട്ട് അമ്മ ആലുവ മണപ്പുറത്തും എത്തിയിരുന്നു. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടില്‍ വന്നു കയറിയപ്പോള്‍ ആദ്യം പരസ്പരവിരുദ്ധമായി സംസാരിച്ചിരുന്ന അമ്മ പിന്നീടാണ് മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തത്. പിറ്റേന്ന് 2.20ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്ന് കണ്ടെടുക്കുന്നത്.