റിയാദ്: സൗദിയിലെ സുദൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് മാസപ്പിറിവി നിരീക്ഷിക്കണമെന്ന് അറിയിച്ചിരുന്നു. സൂര്യാസ്തമയത്തിന് ശേഷം ഇന്ന് ചന്ദ്രന്‍ 37 മിനുട്ട് ചക്രവാളത്തിലുണ്ടായിരുന്നു. ഇന്ന് (ചൊവ്വാഴ്ച) രാവിലെ 6.02ന് ഉദിക്കുന്ന ചന്ദ്രന്‍ വൈകുന്നേരം 7.38 നാണ് അസ്തമിക്കുക. സൂര്യന്‍ 6.38ന് അസ്തമിക്കും. തുമൈർ, സുദൈർ, മക്ക, മദീന, ഖസീം, ദഹ്റാൻ, ഹായിൽ, തബൂക്ക് എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയിരുന്നത്. മാസപ്പിറവി ദർശിക്കുന്നതിനായി പ്രൊഫഷണൽ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ജ്യോതിശാസ്ത്രജ്ഞനായ അബ്ദുല്ല അൽ ഖുദൈരിയാണ് നേതൃത്വം നൽകിയത്. ഒമാനിലും മാസം ദൃശ്യമായതിനാൽ ജൂൺ ആറിനാണ് ബലി പെരുന്നാൾ. എന്നാൽ കേരളത്തിൽ മാസപ്പിറ ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ ജൂൺ ഏഴിനായിരിക്കുമെന്ന് വിവിധ ഖാസിമാർ അറീയിച്ചു.