രാമപുരം: സംസ്ഥാനത്തുടനീളം മോഷണം നടത്തിയിരുന്ന സംഘത്തിലെ നാല് പേർ പിടിയിലായി. പഴയ തുണികള്‍ ശേഖരിക്കാനെന്ന വ്യാജേന എത്തി സ്വർണാഭരണങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തിലെ ആളുകളാണ് അറസ്റ്റിലായത്.രണ്ട് മാസം മുൻപ് ഇരട്ടച്ചിറക്ക് സമീത്ത് ഒരു വൃദ്ധയായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് പ്രതികളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. അടൂരില്‍ നിന്നും രാമേശ്വരം പോലീസാണ് നാല് പേരെയും പിടികൂടിയത്. തമിഴ്‌നാട് തിരുനല്‍വേലി കളത്ത് സ്ട്രീറ്റില്‍ ജയറാം(32), ഭാര്യ നാഗവല്ലി(30), മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി(39), ഭാര്യ വല്ലി ടി. ശങ്കരി (33) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന ചിലർ ഓടി രക്ഷപ്പെട്ടു. സംഘത്തില്‍ 45 പേരടങ്ങുന്ന സംഘമാണ് ഇവരുടേതെന്ന് പോലീസ് പറഞ്ഞു.
പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയാണ് കേരളത്തിലെത്തുന്നത്. മൂന്നോ നാലോ ആളുകള്‍ ചേർന്ന് ഒരാളെ വളയുക എന്നതാണ് രീതി. സ്വർണം ഇട്ടിരിക്കുന്ന ആളിന്റെ ശ്രദ്ധ മാറുന്നത് നോക്കി ഇവരില്‍ ഒരാള്‍ ആഭരണം കവരും. മറ്റുള്ളവർ അത് വേഗം മറയ്ക്കും. സംഘാംഗങ്ങളിലേറെയും ദമ്പതിമാരാണ്. ആണുങ്ങളാണ് മോഷണമുതല്‍ വില്‍ക്കുന്നത്. കൂടുതല്‍ ആളുകള്‍ വരുന്ന സ്ഥലങ്ങളില്‍ ഇവർ സംഘമായാണ് എത്താറുള്ളത്. ചെറിയ പ്രായത്തില്‍ തന്നെ മോഷണം തൊഴിലായി സ്വീകരിച്ച ഇവരുടെ പേരില്‍ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.
പഴയതുണികള്‍ ശേഖരിക്കുന്നവരാണ് എന്ന മട്ടില്‍ തന്നെയാണ് ഇവർ അടൂരില്‍ കഴിഞ്ഞിരുന്നത്. മോഷ്ടാക്കളില്‍ പലർക്കും തമിഴ്, മലയാളം, ഹിന്ദി ഭാഷകള്‍ അറിയാം. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലാണ് ഇവരുടെ പ്രധാന സങ്കേതമെന്നും പോലീസ് പറഞ്ഞു.
മാർച്ച് 21-ന് രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍പോയി സ്വകാര്യ ബസില്‍ മടങ്ങുകയായിരുന്ന കുഞ്ഞൂഞ്ഞമ്മയുടെ 2.5 പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ഇവർ മോഷ്ടിച്ചത്. കുഞ്ഞൂഞ്ഞമ്മ ചേറ്റുകുളം കോളനിക്ക് സമീപമുള്ള സ്‌റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ മൂന്ന് സ്ത്രീകള്‍ വാതില്‍ക്കല്‍നിന്നു. അതില്‍ ഒരു സ്ത്രീ ഷാള്‍ ഉപയോഗിച്ച് മറച്ച് അതിവേഗത്തില്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബസില്‍നിന്നും ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് മാല മോഷണം പോയത് കുഞ്ഞൂഞ്ഞമ്മ ശ്രദ്ധിച്ചത്. അപ്പോഴേയ്ക്കും ബസ് മുന്നോട്ടുപോയിരുന്നു. മോഷണത്തിന് ശേഷം തൊട്ടടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങിയ സംഘം അവിടെ നിന്നും ആറ് ഓട്ടോറിക്ഷകളിലായി മൂവാറ്റുപുഴയില്‍ എത്തുകയും പിന്നീട് അടൂരിലേക്ക് പോകുകയും ചെയ്തു.
രാമപുരം എസ്‌എച്ച്‌ഒ കെ. അഭിഷ്‌കുമാർ, സിപിഒമാരായ വിനീത് രാജ്, സോനു ചന്ദ്രൻ, ശ്യാംമോഹൻ എന്നിവർ പ്രതികളെ രണ്ട് മാസത്തോളമായി നിരീക്ഷിക്കുകയും പിന്തുടരുകയുമായിരുന്നു.പല സ്ഥലങ്ങളില്‍ വെച്ച് ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.