യുദ്ധത്തിന് കോപ്പുകൂട്ടി ഇസ്രയേല്‍ ഇറാനെതിരെ ആരംഭിച്ച സംഘര്‍ഷത്തിന് തുടക്കമിട്ടിട്ട് ഒരാഴ്ചയാകുന്നു. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയപ്പോള്‍, ഇറാന്റെ പ്രതികാര മിസൈലുകള്‍ ടെല്‍ അവീവിലെയും ജറുസലേമിലെയും ഏറ്റവും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ പതിച്ചു.ലോകത്ത് തന്നെ ഏറെ കൊട്ടിഘോഷിച്ച ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ നാശം നേരിട്ടത് പല അന്താരാഷ്ട്ര, ആഭ്യന്തര നിരീക്ഷകര്‍ക്കും ഞെട്ടലുണ്ടാക്കി.
സംഘര്‍ഷം ആരംഭിച്ച ആദ്യ ദിവസം തന്നെ ഇസ്രയേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രധാന ആസ്ഥാനത്തിന് സമീപമുള്ള സെന്‍ട്രല്‍ ടെല്‍ അവീവിന് നേരെ നടന്ന ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രയേലി വ്യോമ പ്രതിരോധത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് മൂന്നാം ദിവസം, ഹൈഫയ്ക്ക് സമീപമുള്ള ഒരു പ്രധാന എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന് തൊടുത്തുവിട്ട മറ്റൊരു മിസൈല്‍ പതിച്ച് റിഫൈനറിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലും ടെല്‍ അവീവിന് വടക്കുള്ള ഇസ്രയേലിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്തിന് സമീപം നാല് ഇറാനിയന്‍ മിസൈലുകള്‍ കൂടി പതിച്ചിരുന്നു. ഒന്ന് ഇസ്രയേലിന്റെ എലൈറ്റ് സിഗ്നല്‍സ് ഇന്റലിജന്‍സ് യൂണിറ്റായ യൂണിറ്റ് 8200 സ്ഥിതി ചെയ്യുന്ന ക്യാമ്പ് മോഷെ ദയാനിലാണ് വീണത്.
എന്നാല്‍, ഇറാനില്‍ നിന്നുള്ള ചെറിയ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാനാകാത്ത ഇസ്രയേല്‍ പക്ഷേ, തങ്ങളുടെ പ്രതിരോധം ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നു. ജൂണ്‍ 13-ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളില്‍ നിന്നും ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിയന്‍ ഡ്രോണുകളും മിസൈലുകളും ഉയര്‍ന്ന റാങ്കിലുള്ള ഇസ്രയേല്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിനിടെ ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന്റെ ആസ്ഥാനത്ത് ഇസ്രയേല്‍ ബോംബിട്ടതോടെ സ്ഥിതി അതീവ ഗുരുതരമായി. ഇറാന്റെ സൈനിക ‘ആശയവിനിമയ കേന്ദ്രം’ ലക്ഷ്യമിട്ടതായി ഐഡിഎഫ് പിന്നീട് പറഞ്ഞു. എന്നാല്‍ സ്ഥലത്ത് സൈനിക സാന്നിധ്യത്തിന്റെ തെളിവുകളൊന്നും അവര്‍ നല്‍കിയില്ല.