കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്.അപകടത്തില്‍ ഒരു കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മന്ത്രി വീണാ ജോർജും വിഎൻ വാസവനും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉപയോഗത്തിലുള്ള കെട്ടിടമല്ല തകര്‍ന്ന് വീണതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.
ഓർത്തോപീഡിക്സ് സർജറി വിഭാഗം നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നു. ശുചിമുറിയും ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്.
ഉപയോഗശൂന്യമായ കെട്ടിടമാണിതെന്നാണ് മന്ത്രി വിഎൻ വാസവൻ പറഞ്ഞത്. ‘വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റത്’ മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്.