ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തില്‍ കൊല്ലപ്പെട്ടു. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സ്പെയിനിലെ സമോറയില്‍ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കാറില്‍ ജോട്ടയുടെ സഹോദരൻ ആന്ദ്രെ സില്‍വയും ഉണ്ടായിരുന്നതായും കാർ പൂർണമായും കത്തിനശിച്ചെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ലംബോർഗിനിയായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിന്റെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീർഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്.
2020ലാണ് ജോട്ട ലിവർപൂളിന്റെ ഭാഗമാകുന്നത്. പ്രീമിയർ ലീഗിലും മറ്റ് ടൂർണമെന്റുകളിലുമായി 182 മത്സരങ്ങളാണ് ജോട്ട ലിവർപൂളിനായി കളത്തിലെത്തിയത്. 65 ഗോളും 22 അസിസ്റ്റുകളും നേടി. പാക്കോസ് ഫെരേര, അത്‌ലറ്റിക്കൊ മാഡ്രിഡ്, പൊർട്ടൊ, വോള്‍വ്‌സ് എന്നിവയാണ് ലിവർപൂളിന് മുൻപ് ഭാഗമായ മറ്റ് ക്ലബ്ബുകള്‍.
പോർച്ചുഗലിനായി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി. 2019, 2015 വർഷങ്ങളിലെ യുഇഎഫ്‌എ നേഷൻസ് ലീഗ് നേടിയ പോർച്ചുഗല്‍ ടീമിന്റെ ഭാഗമായിരുന്നു.